കാരുണ്യ പദ്ധതിയിലെ 1500 കോടിയുടെ കുടിശ്ശിക; ഉമ്മൻ ചാണ്ടിയുടെ സ്വപ്ന പദ്ധതിയെ സതീശൻ സർക്കാർ കൈപിടിച്ചുയർത്തുമോ?

news image
May 23, 2026, 9:37 am GMT+0000 payyolionline.in

കോഴിക്കോട്: സംസ്ഥാനത്തെ നിർധനരായ പതിനായിരക്കണക്കിന് രോഗികൾക്ക് ആശ്വാസമായിരുന്ന കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കടുത്ത പ്രതിസന്ധിയിൽ. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ താളപ്പിഴകൾ കാരണം ആശുപത്രികൾക്കും മരുന്ന് വിതരണ കമ്പനികൾക്കുമായി സർക്കാർ നിലവിൽ 1500 കോടിയോളം രൂപയാണ് കുടിശ്ശിക വരുത്തിവെച്ചിരിക്കുന്നത്. ഈ ഭീമമായ തുക എങ്ങനെയും കണ്ടെത്തി പദ്ധതിയെ സജീവമാക്കാൻ പുതിയ യു.ഡി.എഫ് (UDF) സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

 

തുടക്കം ജനകീയമായി; പിന്നീട് പേരുമാറ്റവും താളപ്പിഴകളും

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും കെ.എം. മാണി ധനമന്ത്രിയുമായിരുന്ന 2011-16 കാലഘട്ടത്തിലാണ് ഭാഗ്യക്കുറി വഴിയുള്ള വരുമാനം ഉപയോഗിച്ച് കാരുണ്യ ബെനവലന്റ് ഫണ്ടിന് തുടക്കമിട്ടത്. കാൻസർ, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച നിർധനർക്ക് ചികിത്സാസഹായം നേരിട്ട് നൽകുന്നതായിരുന്നു ഈ ജനപ്രിയ പദ്ധതി. എന്നാൽ പിന്നീട് വന്ന പിണറായി സർക്കാർ, കൂടുതൽ രോഗികളെയും ചികിത്സകളെയും ഉൾപ്പെടുത്താനെന്ന പേരിൽ ഇതിനെ ‘കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി’ (KASP) എന്നാക്കി മാറ്റി.

 

സ്വകാര്യ-സർക്കാർ ആശുപത്രികൾ വഴി അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുമെന്നായിരുന്നു വാഗ്ദാനമെങ്കിലും പദ്ധതി നടത്തിപ്പിലെ വീഴ്ചകൾ കാരണം കുടിശ്ശിക പെരുകുകയായിരുന്നു. തുക ലഭിക്കാതായതോടെ എംപാനൽ ചെയ്തിരുന്ന ഒട്ടുമിക്ക പ്രമുഖ സ്വകാര്യ ആശുപത്രികളും പദ്ധതിയിൽ നിന്ന് പിന്മാറി. ഇതോടെ സൗജന്യ ചികിത്സ എന്ന സങ്കൽപം തന്നെ അട്ടിമറിക്കപ്പെടുകയും വൃക്കരോഗികൾ ഉൾപ്പെടെയുള്ളവർ സമാനതകളില്ലാത്ത ദുരിതത്തിലാവുകയും ചെയ്തു.

 

മെഡിക്കൽ കോളജുകൾ പോലും കടക്കെണിയിൽ

സർക്കാർ ആശുപത്രികളുടെയും മെഡിക്കൽ കോളജുകളുടെയും സ്ഥിതിയും നിലവിൽ അതീവ ഗുരുതരമാണ്. ചികിത്സ നൽകിയ വകയിൽ കോഴിക്കോട് മെഡിക്കൽ കോളജിന് മാത്രം സർക്കാർ 340 കോടിയോളം രൂപ നൽകാനുണ്ട്. കോട്ടയം മെഡിക്കൽ കോളജിന്റെ കുടിശ്ശിക 140 കോടിയിലേറെയാണ്. ഇതിന് പുറമെ മെഡിക്കൽ സർവീസ് കോർപ്പറേഷൻ മരുന്ന് കമ്പനികൾക്ക് നൽകാനുള്ള തുക വേറെയുമുണ്ട്.

 

പണം യഥാസമയം ലഭിക്കാത്തതിനാൽ മരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും രോഗികൾ തന്നെ പുറത്തുനിന്ന് വാങ്ങി നൽകേണ്ട അവസ്ഥയിലേക്ക് സർക്കാർ ആശുപത്രികൾ തരംതാണിരുന്നു. കൃത്യസമയത്ത് ചികിത്സ കിട്ടാതെ പലർക്കും ജീവൻ നഷ്ടമാകുന്ന സാഹചര്യവുമുണ്ടായി. ഒടുവിൽ പ്രതിസന്ധി സഹിക്കാനാവാതെ സാധാരണക്കാർ കടം വാങ്ങിയും വസ്തുവകകൾ വിറ്റും സ്വകാര്യ ആശുപത്രികളെ അഭയം പ്രാപിക്കേണ്ടി വന്നു.

 

പ്രതീക്ഷയോടെ പൊതുസമൂഹം

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ആരോഗ്യരംഗത്തെ തകർച്ചയ്ക്കും ചികിത്സാ പിഴവുകൾക്കുമെതിരെ ശക്തമായ സമരരംഗത്തുണ്ടായിരുന്ന കോൺഗ്രസ് നേതൃത്വവും യു.ഡി.എഫ് മുന്നണിയും, അധികാരത്തിൽ വന്നാൽ ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. മുൻ സർക്കാരിനെതിരായ ജനവികാരത്തിന് പ്രധാന കാരണമായ ഈ ചികിത്സാ പ്രതിസന്ധി പരിഹരിക്കാൻ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ എത്രയും വേഗം 1500 കോടി രൂപ അനുവദിച്ച് കാരുണ്യ പദ്ധതിയെ പുനരുജ്ജീവിപ്പിക്കുമെന്ന വലിയ കാത്തിരിപ്പിലാണ് കേരളത്തിലെ നിർധനരായ രോഗികൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe