ആലപ്പുഴ ‘രക്ഷാപ്രവർത്തനം’: അഞ്ച് പൊലീസുകാരെയും ഉടൻ സസ്‌പെൻഡ് ചെയ്യും, എം ആർ അജിത്കുമാറിനെതിരെയും മൊഴി

news image
May 24, 2026, 4:19 am GMT+0000 payyolionline.in

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻ അടക്കം മർദ്ദിച്ച സംഭവത്തിൽ ഉടൻ നടപടി ഉണ്ടാകും. ഗൺമാൻ അടക്കം അഞ്ച് പൊലീസുകാരെയും ഉടൻ സസ്പെൻഡ് ചെയ്യും. ഗൺമാൻ അനിൽകുമാർ, സുരക്ഷാ ജീവനക്കാരൻ എസ് സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരനായ അരുൺ, വിപിൻ, ഷൈജു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്യുക. ഇവർക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങളും ചുമത്തും. എഡിജിപി എം ആർ അജിത് കുമാറിനോട് വിശദീകരണം തേടാനും എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി സ്വീകരിക്കാനാണ് നീക്കം.

വ്യാജരേഖ ചമച്ചതിൽ കേസെടുക്കുന്നതും പരിഗണനയിലുണ്ട്. നിലവിൽ ഇടക്കാല റിപ്പോർട്ടിലെ വിവരങ്ങൾ എസ്‌ഐടി തലവൻ എസ്പി ഷൗക്കത്തലി ഡിജിപിയെ ധരിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെ വാക്കാലാണ് വിവരങ്ങൾ ധരിപ്പിച്ചത്. എസ്‌ഐടിയുടെ നടപടി ശുപാർശാ റിപ്പോർട്ട് ഉടൻ തന്നെ ഡിജിപിക്ക് കൈമാറും.

അതേസമയം സന്ദീപും അനിൽകുമാറും ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിന് മുമ്പാകെ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് സുരുക്ഷയൊരുക്കുക എന്ന ജോലിയാണ് തങ്ങൾ ചെയ്തതെന്നാണ് ജാമ്യാപേക്ഷയിൽ പറയുന്നത്. ലോക്കൽ പൊലീസിന്റെ അഭാവത്തിലാണ് ഇടപെടേണ്ടി വന്നതെന്നും പ്രതിഷേധം നിയന്ത്രിക്കാൻ മതിയായ പൊലീസുകാർ ഉണ്ടായിരുന്നില്ലെന്നും ഗൺമാന്മാർ പറഞ്ഞു.

‘മന്ത്രിമാരുടെ വാഹനവ്യൂഹത്തിന് പിന്നാലെ പ്രതിഷേധക്കാർ ഓടിയത് തടയാനാണ് ശ്രമിച്ചത്. യാത്രയിൽ ഉടനീളം നിരത്തുകളിൽ പ്രതിഷേധം ഉണ്ടായിരുന്നു. പലസ്ഥലങ്ങളിലും പൊലീസ് ഇല്ലായിരുന്നു. അതുകൊണ്ടാണ് ലാത്തി കയ്യിൽ കരുതിയിരുന്നത്. അറസ്റ്റിലായി 48 മണിക്കൂർ റിമാൻഡിലായാൽ ജോലി നഷ്ടമാകും’, ജാമ്യാപേക്ഷയിൽ പറയുന്നു. 26നാണ് ഗൺമാന്മാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക.

അതേസമയം കേസിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഗുരുതര മൊഴിയുണ്ട്. മുൻ അന്വേഷണ ഉദ്യോഗസ്ഥരാണ് എസ്‌ഐടിക്ക് മൊഴി നൽകിയിരിക്കുന്നത്. വയനാട് ദുരന്തസമയം റിപ്പോർട്ട് നൽകാൻ എഡിജിപി നിർബന്ധിച്ചെന്നും ബഹളത്തിനിടയിൽ ആരും ശ്രദ്ധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞെന്നുമാണ് മൊഴി. എഡിജിപി പറഞ്ഞത് പ്രകാരം കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മൊഴി നൽകി.

‘തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയാണ് നിർദേശം നൽകിയത്. വയനാട് ദുരന്തം നടന്ന് 17ാം ദിവസമാണ് റിപ്പോർട്ട് നൽകിയത്. കേസ് എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടാണ് അന്ന് റിപ്പോർട്ട് നൽകിയത്’, എന്നാണ് മൊഴി. ഇക്കാര്യം എസ്‌ഐടി ഡിജിപിക്ക് നൽകുന്ന റിപ്പോർട്ടിലുണ്ടാകും. നാളെയാണ് റിപ്പോർട്ട് സമർപ്പിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe