വീണാ ജോർജിനെതിരായ കരിങ്കോടി പ്രതിഷേധം, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പൊലീസ് റിപ്പോർട്ട്

news image
Jun 11, 2026, 8:58 am GMT+0000 payyolionline.in

മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ കരിങ്കോടി പ്രതിഷേധം. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പൊലീസ് റിപ്പോർട്ട്. ഇന്നലെയാണ് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഇല്ല. കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള വധശ്രമം, ആയുധം ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ ഗുരുതര വകുപ്പുകൾ ഒഴിവാക്കി.

വിശദമായ പൊലീസ് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കേസ് രാഷ്ട്രീയപ്രേരിതമെന്ന് തെളിഞ്ഞെന്ന് കെഎസ്‌യു പ്രതികരിച്ചു. വീണാ ജോർജ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് കേസിൽ ജയിലിൽ കിടന്ന കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ ആവശ്യപ്പെട്ടു. കരിങ്കൊടി പ്രതിഷേധത്തിനിടെ മുൻ മന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പുനഃരന്വേഷണം വേണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടിരുന്നു.

വ്യാജ പരാതി നൽകിയ വീണാ ജോർജിന്റെ ഗൺമാനെതിരെ നടപടി സ്വീകരിക്കണം എന്നായിരുന്നു ആവശ്യം. ഫെബ്രുവരി 25-നായിരുന്നു വീണാ ജോർജ്ജിനെതിരെ കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽവെച്ചായിരുന്നു സംഭവം.വീണാ ജോർജിനെ മാരക ആയുധവുമായി ആക്രമിച്ചെന്നായിരുന്നു എഫ്ഐആർ. കേസിൽ അതുൽ എംസി, അക്ഷയ് മാട്ടൂൽ, ബിതുൽ ബാലൻ, മുബാസ് സി അച്ച്, അഹമ്മദ് യാസീൻ എന്നിവർ അറസ്റ്റിലായിരുന്നു. നിലവിൽ ഇവർ ജാമ്യത്തിലാണ്. കേസിൽ നിർണായക തെളിവുകൾ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം അനുവദിച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe