മണിയൂർ: തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ‘ഫോക്കസ് തോടന്നൂർ 2030’ പദ്ധതിയുടെ ഭാഗമായുള്ള ‘ഇക്കോ പ്രൊജക്ട് – സീറോ പ്ലാസ്റ്റിക്: ശീലങ്ങൾക്ക് മാറ്റം’ ക്യാമ്പയിന്റെ മണിയൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം കരുവഞ്ചേരി യു.പി. സ്കൂളിൽ നടന്നു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദിൻഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കരുവഞ്ചേരി യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് സറീന ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ മണിയൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ നഫീസ ടീച്ചർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഈക്കോ കോർഡിനേറ്റർ ശോണിമ ടീച്ചർ പദ്ധതിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് ഷൈജു കെ.കെ, റുബിന ടീച്ചർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്കൂൾ തല ഈക്കോ പ്രവർത്തനങ്ങൾക്ക് ജഷ്ന ടീച്ചർ നേതൃത്വം നൽകി. സ്കൂൾ ഹരിത ക്ലബ്ബ് വിദ്യാർത്ഥി പ്രതിനിധി അയൻ കൃഷ്ണ ഹരിത ശീലങ്ങൾ പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും, തുടർന്ന് വിദ്യാർത്ഥികൾ ഹരിത പ്രതിജ്ഞ എടുക്കുകയും ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയിലെ പ്രതിഭകളായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. എസ്.ആർ.ജി. കൺവീനർ ശരണ്യ ടീച്ചർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
