കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ്പ, കോവിഡ് ബാധിതരെ പ്രവേശിപ്പിക്കാനായി നിർമ്മിക്കാൻ ലക്ഷ്യമിട്ട പ്രത്യേക ഐസലേഷൻ ബ്ലോക്ക് നിർമ്മാണം അധികൃതരുടെ അവഗണനയിൽ ഫയലിൽ ഒതുങ്ങുന്നു. ഐസലേഷൻ ബ്ലോക്കിനായി 35 കോടി രൂപയുടെ വിശദമായ പദ്ധതി (DPR) തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുകയും, പിന്നീട് ഇത് കിഫ്ബിക്ക് കൈമാറുകയും ചെയ്തെങ്കിലും തുടർനടപടികൾ ഒന്നുമായില്ല. നിലവിൽ പദ്ധതി കിഫ്ബിയുടെ അനുമതിയും കാത്ത് ഫയലിൽ ഉറങ്ങുകയാണ്.
മെഡിക്കൽ കോളേജ് ക്യാമ്പസിൽ പുതുതായി നിർമ്മിച്ച റോഡിന് സമീപമാണ് ഇതിനായി സ്ഥലം കണ്ടെത്തിയിരുന്നത്. നിർമ്മാണത്തിന് മുന്നോടിയായി ഇവിടെ സർവേ നടത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയതുമാണ്. എന്നാൽ പദ്ധതി നീണ്ടുപോയതോടെ കണ്ടെത്തിയ സ്ഥലം ഇപ്പോൾ വീണ്ടും കാടുമൂടിയ അവസ്ഥയിലാണ്.
2018-ൽ ജില്ലയിൽ ആദ്യമായി നിപ്പ സ്ഥിരീകരിച്ചതു മുതൽ പ്രത്യേക ഐസലേഷൻ ബ്ലോക്കിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയതാണ്. ഇതിനായി ആദ്യം 5 കോടിയുടെയും, പിന്നീട് 8 കോടിയുടെയും പദ്ധതികൾ തയ്യാറാക്കിയിരുന്നു. പിന്നീടാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള വിപുലമായ പദ്ധതിയെന്ന നിലയിൽ ബഡ്ജറ്റ് 35 കോടി രൂപയായി ഉയർത്തിയത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിട നിർമ്മാണം മാത്രം യാഥാർത്ഥ്യമായില്ല.
പ്രത്യേക ബ്ലോക്ക് ഇല്ലാത്തതിനാൽ 2018 മുതൽ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (KHRWS) പേ-വാർഡാണ് ഐസലേഷൻ വാർഡായി താൽക്കാലികമായി ഉപയോഗിക്കുന്നത്. ജില്ലയിൽ കഴിഞ്ഞദിവസം യുവാവിന് നിപ്പ സ്ഥിരീകരിച്ചതോടെ, രോഗബാധിതനെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിക്കുകയും പേ-വാർഡിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടിയന്തരമായി പൊതുവാർഡുകളിലേക്ക് മാറ്റുകയും ചെയ്തു.
വാർഡുകളിലെ തിരക്കും ബുദ്ധിമുട്ടും ഒഴിവാക്കാൻ പണം നൽകി പേ-വാർഡ് എടുക്കുന്ന രോഗികളെ, ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ വീണ്ടും ജനറൽ വാർഡുകളിലേക്ക് മാറ്റുന്നത് രോഗികൾക്കും ഒപ്പമുള്ളവർക്കും വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. ജില്ലയിൽ വീണ്ടും നിപ്പ ആശങ്ക ഉയർന്ന സാഹചര്യത്തിൽ, 35 കോടിയുടെ ഐസലേഷൻ ബ്ലോക്ക് പദ്ധതിക്ക് അടിയന്തരമായി അനുമതി നൽകി നിർമ്മാണം ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
