ഡോക്ടർമാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകാൻ സ്പെഷ്യൽ സെൽ രൂപീകരിച്ചു: മന്ത്രി കെ.മുരളീധരൻ

news image
Aug 13, 2026, 1:49 pm GMT+0000 payyolionline.in

ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകുന്നതിന് ആരോഗ്യവകുപ്പിൽ പ്രത്യേക എച്ച്.ആർ സെൽ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. സ്ഥാനക്കയറ്റം നടക്കാത്തതിനാൽ ഒഴിവുകൾ കൃത്യമായി നികത്താൻ സാധിക്കാത്ത സ്ഥിതിയാണ്. ഡോക്ടർമാരുടെ കുറവുമൂലം ജനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഫയലുകൾ തീർപ്പാക്കാതെയും നടപടികളിലെ കാലതാമസവും കാരണം സ്ഥാനക്കയറ്റം ലഭിക്കാതെ ഡോക്ടർമാർ പ്രതിസന്ധിയിലായിരുന്നു.

ഈ സാഹചര്യത്തിലാണ് പ്രത്യേക സെൽ രൂപീകരിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി കെ.മുരളീധരൻ കൂട്ടിച്ചേർത്തു. സീനിയോറിറ്റി ലിസ്റ്റ്, സ്ഥാനക്കയറ്റ നടപടികൾ സംബന്ധിച്ച ഡോക്ടർമാരുടെ ദീർഘകാലത്തെ ആവശ്യം കൂടിയാണ് ഇതോടെ പരിഹരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ മെഡിക്കൽ ആൻഡ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ ഡോ.അനിൽ.വി, പ്ലാനിംഗ് വിഭാഗം ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.വിനീത്.വി.ആർ എന്നിവരുടെ നേതൃത്വത്തിലാണ് സെൽ പ്രവർത്തിക്കുക. ആരോഗ്യവകുപ്പിലെ വിവിധ സെക്ഷനുകളുമായി ഏകോപിച്ചാണ് സെല്ലിന്റെ പ്രവർത്തനം.

സ്‍പെഷ്യലിസ്റ്റ്, ജനറൽ, അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള എല്ലാ ഡോക്ടർമാരുടെ സീനിയോറിറ്റി, സ്ഥാനക്കയറ്റം സംബന്ധിച്ച വിഷയങ്ങൾ ഈ വർഷം ഡിസംബറോടെ മുമ്പ് തീർപ്പാക്കി സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe