മേപ്പയ്യൂർ:ഗവൺമെന്റ് സബ്‌സിഡിയോടെ സൗജന്യ വൈഫൈ മോഡവും ഇൻസ്റ്റലേഷനും ലഭിക്കുന്ന ബി എസ് എൻ എൽ ഭാരത് നെറ്റ് ഉദ്യമി (BNU) പദ്ധതിയുടെ ആനുകൂല്യങ്ങൾ ഗ്രാമീണ മേഖലകളിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കാൻ ബി എസ് എൻ എല്ലും പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്തുകളും ധാരണയായി.
പേരാമ്പ്ര എം.എൽ.എ അഡ്വഫാത്തിമ തഹ്‌ലിയ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ കണക്ഷനുകൾക്ക് രജിസ്റ്റർ ചെയ്യാൻ ഗ്രാമ സഭകൾ , വാർഡ് തല സാമൂഹ്യ മാധ്യമ സംവിധാനങ്ങൾ , കുടുംബ ശ്രീ പരിപാടികൾ , ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള മറ്റു പരിപാടികൾ എന്നിവ വഴി വേദിയൊരുക്കാൻ തീരുമാനമായി.
പദ്ധതി പ്രകാരം 1 ജി ബി പി എസ് വരെ സ്പീഡുള്ള അതിവേഗ ഫൈബർ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കും. പ്രതിമാസ വാടക മാത്രം അടച്ചാൽ മതി. മിതമായ മാസ വാടക നിരക്കിൽ ഇൻറർനെറ്റും സൗജന്യ ലാൻഡ് ഫോൺ സേവനവും ടി വി കണക്ഷനും നൽകപ്പെടുന്ന പദ്ധതി ഗ്രാമ പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിനും സാധാരണക്കാരുടെ സാമ്പത്തികാസൂത്രണത്തിനും സഹായകമാവുമെന്ന് യോഗം വിലയിരുത്തി.
മുമ്പ് വിച്ചേദിക്കപ്പെട്ടു പോയ അതേ നമ്പറുകളിൽത്തന്നെ ലാൻഡ് ഫോൺ കണക്ഷൻ എടുക്കാനുള്ള സൗകര്യവുമുണ്ടാവും
പേരാമ്പ്ര പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ വിവിധ ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ , വൈസ് പ്രസിഡൻ്റുമാർ, മറ്റു ജനപ്രതിനിധികൾ, സി.ഡി.എസ് അംഗങ്ങൾ, ബി എസ് എൻ എൽ എ ജി എം ജാസിം എ കെ, അംജദ് അലി , എസ് ഡി ഇ മാരായ അമൃത രാജൻ , ലീന , നൗഫൽ കെ, മിഥുൻ , ശബ്‌ന എന്നിവർ പങ്കെടുത്തു.
