ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ

news image
Oct 18, 2026, 10:38 am GMT+0000 payyolionline.in

കോഴിക്കോട്: ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ബൈക്കിൽ പിന്തുടർന്ന് സ്കൂട്ടർ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് ചെറുവണ്ണൂർ കുണ്ടായിത്തോട് ദാറുഫല കോയമൻസിൽ മുഹമ്മദ് അഫ്‌ലഹിനെയാണ് (23) മാറാട് പോലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

​കഴിഞ്ഞ 14-ാം തീയതി രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അരക്കിണർ സ്വദേശിനിയായ യുവതിയെ ബൈക്കിൽ പിന്തുടർന്നെത്തിയ അഫ്‌ലഹ്, അരക്കിണർ മുണ്ടകൻപാടം പൊതുറോഡിൽ വെച്ച്‌ സ്‌കൂട്ടർ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി.

​യുവതിയുടെ പരാതിയിൽ മാറാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ പരിശോധനകൾക്കൊടുവിൽ ചെറുവണ്ണൂരിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

​പ്രതിക്കെതിരെ മുൻപും വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പോലീസ് വ്യക്തമാക്കി. രാമനാട്ടുകര മേൽപ്പാല നിർമാണത്തിനായി ബൈപ്പാസിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികൾ മോഷ്ടിച്ച കേസ്, നടക്കാവ് ഡേ മാർട്ട് സൂപ്പർമാർക്കറ്റിന്റെ പൂട്ട് പൊളിച്ച്‌ പണം കവർന്ന കേസ്, കൂടാതെ സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയ മറ്റ് കേസുകളും ഇയാൾക്കെതിരെയുണ്ടെന്ന് പോലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe