അന്താരാഷ്ട്ര തലത്തിൽ മത്സരശേഷിയുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കണം: ഫാത്തിമ തഹിലിയ എം.എൽ.എ.

news image
Jun 13, 2026, 1:24 pm GMT+0000 payyolionline.in

മേപ്പയ്യൂർ: സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ, അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാൻ ശേഷിയുള്ള നൈപുണ്യം (Skill) കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സൃഷ്ടിക്കുകയെന്നതാണ് മികവിന്റെ കേന്ദ്രമെന്ന നിലയിൽ ഒരു വിദ്യാലയത്തിന്റെ ലക്ഷ്യമെന്ന് പേരാമ്പ്ര എം.എൽ.എ ഫാത്തിമ തഹിലിയ. ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിൽ സംഘടിപ്പിച്ച ‘ദിശ’ സ്കൂൾ സമഗ്ര വികസന ഏകദിന ശില്പശാല അംബേദ്കർ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. നാടിന്റെ ഏറ്റവും വലിയ സമ്പത്ത് മനുഷ്യവിഭവശേഷിയാണ്. അതിനെ എങ്ങനെ ഏറ്റവും മികച്ച രീതിയിലും നാടിന് ഉപകാരപ്രദമായ നിലയിലും രൂപപ്പെടുത്താൻ കഴിയും എന്നതിലാണ് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെന്നും അവർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് വി.പി. ബിജു അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് ആമുഖ ഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ എം. സക്കീർ സ്വാഗതം ആശംസിച്ചു. പി.ടി.എ വിദ്യാഭ്യാസ സമിതി ചെയർമാൻ പി.കെ. പ്രിയേഷ് കുമാർ പദ്ധതി വിശദീകരണം നടത്തി.

മേലടി ബ്ലോക്ക് പഞ്ചായത്തംഗം നിഷാദ് പൊന്നങ്കണ്ടി, എസ്.എം.സി ചെയർമാൻ ഷബീർ ജന്നത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് കെ.എം.എ. അസീസ്, പ്രിൻസിപ്പൽ ഹെഡ്മിസ്ട്രസ് ടി. സുനന്ദ, ഹെഡ്മിസ്ട്രസ് എം. പ്രീതി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ടി.കെ. പ്രമോദ് കുമാർ, കമ്മന അബ്ദുറഹിമാൻ, മധു പുഴയരികത്ത്, സുരേഷ് ഓടയിൽ, പി.കെ. രാഘവൻ, കെ.കെ. സുനിൽകുമാർ, എ.പി. ഇസ്മയിൽ, പി. ദിനേശൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ശില്പശാലയുടെ ഭാഗമായി അഞ്ച് ഉപമേഖലകളായി തിരിഞ്ഞ് നടത്തിയ ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷം വിവിധ സെഷനുകളിലായി ശ്രീജേഷ് എടത്തുംകര, എ. സുബാഷ് കുമാർ, വി.കെ. ജോബിഷ്, ടി.എം. അഫ്സ, ഇ.സി. സുരഭി എന്നിവർ കരട് നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. പി. ദിനേശൻ ചർച്ചകളുടെ ക്രോഡീകരണം നടത്തി. തുടർന്ന് നടന്ന സമാപന സമ്മേളനം മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നബിത ഉദ്ഘാടനം ചെയ്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe