ആറുവരിപ്പാതയോരത്ത് അനധികൃത ലോറി പാർക്കിങ് ശക്തം; വടകരയിൽ അപകടഭീഷണി ഉയരുന്നു

news image
Sep 6, 2026, 4:04 am GMT+0000 payyolionline.in

വടകര: നിർമാണം പൂർത്തിയായ ആറുവരിപ്പാതയുടെ ഓരങ്ങളിൽ നിയന്ത്രണമില്ലാതെ ലോറികൾ പാർക്ക് ചെയ്യുന്നത് വടകര മേഖലയിൽ വലിയ അപകടഭീഷണി ഉയർത്തുന്നു. പാലോളിപ്പാലം മുതൽ മൂരാട് വരെയുള്ള ഭാഗങ്ങളിലാണ് രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ റോഡിൻ്റെ ഇരുവശത്തും ലോറികൾ നിർത്തിയിടുന്നത്. തൃശ്ശൂരിൽ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് എട്ടുപേർ മരിച്ച ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഇവിടെയും അപകടകരമായ പാർക്കിങ് അടിയന്തരമായി നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

​മണ്ണിടിച്ചിൽ കാരണം ഒരുവരിയായി മാത്രം ഗതാഗതം ക്രമീകരിച്ച മൂരാടാണ് ലോറി പാർക്കിങ്ങിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്ന്. മൂന്നുവരിയിലൂടെ വേഗതയിലെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ഒരുവരിയിലേക്ക് മാറേണ്ടിവരുന്ന ഈ സ്ഥലത്ത് റോഡരികിലെ പാർക്കിങ് സ്ഥിതി കൂടുതൽ അപകടകരമാക്കുന്നു. കൂടാതെ, മൂരാടുനിന്ന് വടകരയിലേക്കുള്ള പാതയിലെ പെട്രോൾ പമ്പിന് സമീപവും അരവിന്ദ്ഘോഷ് റോഡിലും മൂന്നുവരിപ്പാതയിലേക്ക് കയറ്റിയാണ് പലപ്പോഴും ലോറികൾ നിർത്തിയിടുന്നത്.

​വടകരയിലെ ഗതാഗതക്കുരുക്ക് പിന്നിട്ടെത്തുന്ന വാഹനങ്ങൾ ഈ മേഖലയിൽ വലിയ വേഗതയിലാണ് കടന്നുപോകുന്നത്. ഇതിനിടയിൽ റോഡരികിൽ വലിയ ലോറികൾ നിർത്തിയിടുന്നത് മറ്റ് ഡ്രൈവർമാരുടെയും, ഡിവൈഡറുകൾക്കിടയിലൂടെ റോഡ് മുറിച്ചുകടക്കുന്ന പ്രാദേശിക യാത്രക്കാരുടെയും കാഴ്ച മറയ്ക്കുകയും വലിയ സുരക്ഷാഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe