ഇന്ത്യ മതരാഷ്ട്രമല്ല ജനാധിപത്യ രാഷ്ട്രമാണ്: കെ സുരേന്ദ്രന്‍

news image
Sep 22, 2022, 12:20 pm GMT+0000 payyolionline.in

കോഴിക്കോട്:പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് നടത്തുന്ന അനാവശ്യ ഹർത്താലിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാൻ സർക്കാർ തയ്യാറാകണം. തീവ്രവാദ കേസുകളെ കയ്യൂക്ക് കൊണ്ട് നേരിടാനാണ് പോപ്പുലർ ഫ്രണ്ട് ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

ഇന്ത്യ മതരാഷ്ട്രമല്ല ജനാധിപത്യ രാഷ്ട്രമാണെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഓർക്കണം. പോപ്പുലർ ഫ്രണ്ട് മുൻകാലങ്ങളിൽ നടത്തിയ ഹർത്താലുകളെല്ലാം കലാപത്തിലാണ് കലാശിച്ചത്. വാട്സാപ്പ് ഹർത്താൽ നടത്തി ഒരു വിഭാഗത്തിന്റെ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കുമെതിരെ ആക്രമണം നടത്തിയവർ വീണ്ടും നടത്തുന്ന ഹർത്താലിനെതിരെ കരുതൽ നടപടി അനിവാര്യമാണ്.

സമൂഹത്തിൽ വിഭജനമുണ്ടാക്കാനുള്ള മതതീവ്രവാദികളുടെ നീക്കത്തിനെ തടയിടാൻ ആഭ്യന്തരവകുപ്പ് തയ്യാറാകണം. രാജ്യത്ത് കേരളത്തിൽ മാത്രമാണ് മതഭീകരവാദികൾക്ക് അഴിഞ്ഞാടാനുള്ള അവസരം ലഭിക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. അനാവശ്യ ഹർത്താലുകൾക്കെതിരെ ഹൈക്കോടതി ശക്തമായ നിലപാട് എടുത്തിട്ടും സംസ്ഥാന സർക്കാർ പോപ്പുലർ ഫ്രണ്ടിനോട് മൃദു സമീപനം കാണിക്കുന്നത് വോട്ട്ബാങ്ക് താത്പര്യം മുന്നിൽ കണ്ടാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe