ബെംഗളൂരു: അടുത്തവർഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ആരൊക്കെ ഇടം നേടുമെന്ന ആകാംക്ഷയിലാണ് ആരാധകർ. രോഹിത് ശർമയും വിരാട് കോലിയും സ്ഥാനം നിലനിർത്തുമോ പേസർമാരായി ആരൊക്കെയെത്തും എന്നെല്ലാമുള്ള ചർച്ചകളിലാണ് ആരാധകരിപ്പോൾ. എന്നാൽ ഇതിനിടെ അടുത്തവർഷം നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.
വിരാട് കോലിക്കും രോഹിത് ശർമക്കും ടീമിൽ ഇടം നൽകിയതിനൊപ്പം വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെയും ഉത്തപ്പ ടീമിൽ ഉൾപ്പെടുത്തിയെന്നതാണ് ശ്രദ്ധേയം. നിലവിൽ ഇന്ത്യയുടെ ഏകദിന ടീമിൽ സഞ്ജുവിന് ഇടമില്ല. കെ എൽ രാഹുൽ ടീമിൻറെ ഒന്നാം വിക്കറ്റ് കീപ്പറാകുമ്പോൾ ഇഷാൻ കിഷനാണ് രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലുള്ളത്. 2023ൽ ദക്ഷിണാഫ്രിക്കക്കെതിരെ അവസാനമായി ഏകദിന ടീമിൽ കളിച്ചശേഷം സഞ്ജുവിനെ ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഉത്തപ്പയുടെ തെരഞ്ഞെടുപ്പ് ആരാധകരെ അമ്പരപ്പിക്കുന്നത്.
ഈ വർഷത്തെ ടി20 ലോകകപ്പ് വിജയത്തിൽ ഇന്ത്യയുടെ ഹീറോ ആയെങ്കിലും സഞ്ജുവിന് നിലവിൽ ടി20 ടീമിൽ പോലും സ്ഥാനം ഉറപ്പ് പറയാനാവില്ല. വൈഭവ് സൂര്യവംശിയുടെ വരവോടെ സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജുവിന് വിശ്രമം നൽകിയിരുന്നു. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യയുടെ ടി20 ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയും ഓപ്പണർമാരായി സ്ഥാനം ഉറപ്പിച്ചാൽ ടി20 ടീമിലും സഞ്ജുവിന് സ്ഥാനം നഷ്ടമാകും. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഉത്തപ്പ സഞ്ജുവിനെ ഏകദിന ലോകകപ്പ് ടീമിലുൾപ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സഞ്ജുവിൻറെ ബാറ്റിംഗ് ശൈലി ഏകദിന ക്രിക്കറ്റിനാണ് കൂടുതൽ അനുയോജ്യമെന്നും നിരീക്ഷണമുണ്ട്.
ദീർഘകാലമായി ടീമിലില്ലാത്ത പേസർ ഭുവനേശ്വർ കുമാറിനെയും ഉത്തപ്പ ലോകകപ്പ് ടീമിലുൾപ്പെടുത്തിയെന്നത് ശ്രദ്ധേയമാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവരാണ് ഉത്തപ്പ തെരഞ്ഞെടുത്ത ടീമിലെ മറ്റ് പേസർമാർ. ബാറ്റിംഗ് നിരയിൽ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി, കെ എൽ രാഹുൽ, സഞ്ജു സാംസൺ എന്നവരുള്ളപ്പോൾ ഓൾ റൗണ്ടർമാരായി ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവരെയാണ് ഉത്തപ്പ ടീമിലെടുത്തത്.
റോബിൻ ഉത്തപ്പ തെരഞ്ഞെടുത്ത 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി, കെ എൽ രാഹുൽ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
