കോഴിക്കോട്: ഉള്ള്യേരി-കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിലെ കന്നൂർ ടൗണിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് എട്ടു വയസ്സുകാരിയുൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ വൈഷ്ണവ് (28), ആദർശ് (22), നിധിൻ (29), സ്കൂട്ടർ യാത്രക്കാരിയായ അനിക (8) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കാർ കന്നൂർ ടൗണിൽ വെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയും, തുടർന്ന് എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് അത്തോളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
