പയ്യോളി: മേലടി ശ്രീനാരായണ ഭജനമഠം ഗവ.യു പി സ്കൂളിൽ റോബോട്ടിക്സ് പ0നത്തിന് തുടക്കമായി . പയ്യോളി നഗരസഭ ചെയർമാൻ വി.കെ.അബ്ദുറഹ്മാൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രവും (ഡയറ്റ് ) വാക്കറൂ ഫൗണ്ടേഷനും ചേർന്ന് ഡി- ലീഡ് ഇൻ്റർനാഷനലിൻ്റെ സഹായത്തോടെ ജില്ലയിലെ തെരഞ്ഞെടുത്ത പത്ത് പ്രൈമറി വിദ്യാലയങ്ങളിൽ ആരംഭിച്ച വാക്ക് ടു ലീഡ് റോബോട്ടിക് ടെക് ക്വസ്റ്റ് -പഠന പദ്ധതിയുടെ ഭാഗമായാണ് പരിശീലനം ആരംഭിച്ചത്. കുട്ടികളിൽ സാങ്കേതികജ്ഞാനവും നൂതനാശയങ്ങളിലൂന്നിയുള്ള ചിന്താധാരയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. വിദ്യാലയത്തിലെ 6,7 ക്ലാസ്സുകളിലെ കുട്ടികൾക്കിടയിൽ നടത്തിയ നൂതന നൈപുണീ പരിശോധനയിലൂടെ തെരഞ്ഞെടുത്ത 30 പേരാണ് പദ്ധതിയുടെ ഭാഗമാവുന്നത്.
പി.ടി.എ.പ്രസിഡൻ്റ് വി.കെ മുനീറിൻ്റെ അധ്യക്ഷതയിൽ ഡയറ്റ് പ്രിൻസിപ്പാൾ ഡോ.യു.കെ. അബ്ദുൾ നാസർ മുഖ്യ പ്രഭാഷണം നടത്തി. വാക്കറു ഫൗണ്ടേഷൻ മേധാവി സുമിത്ര ബിനു പ്രൊജക്ട് അവതരിപ്പിച്ചു. വാക്കറൂ ഡയരക്ടർ സുനിൽ നാഥ് വിദ്യാർത്ഥികൾക്കുള്ള സൗജന്യ റോബോട്ടിക്ക് കിറ്റുകൾ കൈമാറി. പ്രധാനാധ്യാപകൻ എം.സി.പ്രമോദ്, ബി പി സി എം.കെ രാഹുൽ, പി.ടി.എ.വൈസ് പ്രസിഡൻ്റ് സി.പ്രമോദ്, സി.പി.അർജുൻ, എൻ.സിന്ധു, ജസ്ന ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് എസ് എൻ ബി എം ഗവ. സ്കൂൾ സമഗ്ര വിദ്യാഭ്യാസ പദ്ധതി രേഖയായ ‘ഇടം’ ഡയറ്റ് പ്രിൻസിപ്പൽ ഡോ.യു.കെ.അബ്ദുൾ നാസർ പ്രകാശനം ചെയ്തു.