പാലക്കാട്: ഓപ്പറേഷൻ തൂഫാനിടെ പൊലീസ് സംഘത്തിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി ലീവിന് നാട്ടിലെത്തിയ സൈനികൻ. മണ്ണാർക്കാട് സ്വദേശി ജിനേഷാണ് വനിത എസ്ഐയെ ഉൾപ്പെടെ ആക്രമിച്ചത്. റാഞ്ചിയിൽ നിന്നും അവധിക്ക് വന്ന ജിനേഷ് സുഹൃത്തുക്കൾക്കൊപ്പം മലമ്പുഴയിൽ പോയി മടങ്ങി വരുന്നതിനിടെയാണ് സംഭവമുണ്ടായത്. ധോണിയിൽ വെച്ച് സംഘം പൊലീസിനെ ആക്രമിക്കുകയായിരുന്നു.
ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ കാറിലെത്തിയ പ്രതികൾ ഇത് ചോദ്യം ചെയ്യുകയും പൊലീസിനെ ആക്രമിക്കുകയുമായിരുന്നു. വാഹനം കൈകാണിച്ച് നിർത്തി പരിശോധന നടത്തിയ എസ്ഐ ജോൺ സേവ്യറിനെയാണ് ആദ്യം ആക്രമിച്ചത്.
പിൻസീറ്റിൽ ഇരിക്കുകയായിരുന്ന ജിനേഷ് ഇദ്ദേഹത്തിന്റെ മുഖത്തടിക്കുകയും കണ്ണട പൊട്ടിക്കുകയുമായിരുന്നു. ഇത് തടയാൻ ചെന്നപ്പോഴാണ് വനിതാ എസ്ഐ ഉൾപ്പെടെയുള്ളവർക്കുനേരെ ആക്രമണമുണ്ടായത്.
ഇതിനിടെ ഒരു പ്രതി സേവ്യറിന്റെ കഴുത്തിൽ ചവിട്ടി ഞെരിച്ചതായും പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഹോം ഗാർഡ് വിവരമറിയിച്ചതിനെ തുടർന്ന് കൂടുതൽ ഉദ്യോഗസ്ഥരെത്തിയാണ് നാല് പ്രതികളെ അറസ്റ്റ് ചെയ്തത്.പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, ജോലി തടസ്സപ്പെടുത്താൻ, അസഭ്യം പറയൽ തുടങ്ങിയ കാര്യങ്ങൾക്കാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
