അഹ്മദാബാദ്: ഗുജറാത്തില്‍ ഭൂമി തര്‍ക്കത്തിനിടെ മര്‍ദനമേറ്റ് രണ്ട് സഹോദരങ്ങള്‍ മരിച്ചു. സുരേന്ദ്രനഗറിലെ ചൂഡ താലൂക്കില്‍പ്പെട്ട സാമാദിയാല ഗ്രാമത്തില്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ദളിത് വിഭാഗത്തില്‍പെട്ട ആല്‍ജി പര്‍മാര്‍ (60), സഹോദരന് മനോജ് പര്‍മാര്‍ (54) എന്നിവരാണ് കൊല്ലപ്പെട്ടത്.
മര്‍ദനത്തെ തുടര്‍ന്ന് സുരേന്ദ്രനഗര്‍ ഠൗണിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരുവരും ബുധനാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന പരുല്‍ബെന്‍ പര്‍മാര്‍ എന്ന സ്ത്രീയുടെ പരാതിപ്രകാരം വ്യാഴാഴ്ച രാവിലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കും മര്‍ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. കതി ദര്‍ബാര്‍ വിഭാഗക്കാരായ അഞ്ച് പേരെയും തിരിച്ചറിയാനാവാത്ത പതിനഞ്ചോളം പേരെയും പ്രതിചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ദലിത് – കാതി ദര്‍ബാര്‍ വിഭാഗങ്ങള്‍ തമ്മില്‍ ഒരു ഭൂമിയുടെ ഉടമസ്ഥാവാകാശവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കത്തിലാണ് രണ്ട് പേര് കൊല്ലപ്പെട്ടതെന്ന് രാജ്കോട്ട് – സുരേന്ദ്രനഗര്‍ റേഞ്ച് ഐജി അശോക് കുമാര്‍ യാദവ് പറഞ്ഞു. തങ്ങള്‍ക്ക് പാരമ്പര്യമായി ലഭിച്ച ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതാണെന്നും അത് തടയാന്‍ ശ്രമിച്ചപ്പോള്‍ സംഘര്‍ഷമുണ്ടാവുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
കൃഷിക്കായി ഭൂമി ഉഴുതശേഷം ട്രാക്ടറില്‍ തിരിച്ചു പോവുന്നതിനിടെ ഇരുപതോളം പേര് ചേര്‍ന്ന് ആയുധങ്ങളും വടികളുമായി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഭൂമി തങ്ങളുടേതാണെന്നും അവിടെ ആരും പ്രവേശിക്കരുതെന്നും പറഞ്ഞായിരുന്നു മര്‍ദനം. കൊലപാതകം, കൊലപാതക ശ്രമം, കലാമുണ്ടാക്കല്‍ എന്നിവയ്ക്ക് പുറമെ പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.