ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇന്ദിര ഗ്യാരൻറിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പ്രിയദർശിനി – കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി ഉദ്ഘാടനം തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ തുടരവേയാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്ര പദ്ധതി പ്രിയദർശിനിക്ക് തുടക്കമായി.
തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനായെന്ന സന്തോഷത്തോടെയാണ് ഈ ബസിൽ യാത്ര തുടങ്ങുന്നത്. ഇത് വെറുമൊരു ബസ് യാത്രയല്ല, കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിനം ഉയർത്തിപ്പിടിക്കുകയും അവരെ സ്വയംപര്യാപ്തതയിലേക്കും സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും നയിക്കുന്നൊരു യാത്രയുടെ തുടക്കമാണ്. പുതുയുഗ കേരളത്തിലേക്കുള്ള യു.ഡി.എഫ് സർക്കാരിന്റെ നിർണായക ചുവടുവയ്പ് കൂടിയാണ് ഈ യാത്ര.
പ്രിയദർശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും. പ്രത്യേകിച്ചും ജോലി സംബന്ധമായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വരുന്ന പതിനായിരക്കണക്കിന് സ്ത്രീകൾക്ക്. ഇത്രയും നാൾ ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ. അത് ആ സ്ത്രീയുടെ ആത്മവിശ്വാസവും മനക്കരുത്തും വർധിപ്പിക്കും.
നൽകിയ വാക്കുകളൊക്കെ പാലിക്കുക തന്നെ ചെയ്യും. കാരണം അതൊക്കെ കേരളത്തിലെ ജനങ്ങളോടാണ് ഞങ്ങൾ പറഞ്ഞത്. സമൂഹത്തിലെ എല്ലാവരെയും ചേർത്ത് പിടിച്ച് മുന്നോട്ട് പോകുകയെന്നതാണ് പുതുയുഗ കേരളത്തിലേക്കുള്ള യാത്രയിൽ ഈ സർക്കാരിന്റെ നയമെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
