ടി പി ചന്ദ്രശേഖരൻ വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ കെ രമ എംഎൽഎ. ട്വന്റിഫോറിലൂടെയാണ് ഇക്കാര്യത്തിൽ കെ കെ രമ വിശദീകരണം നൽകിയത്. താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ചിട്ടില്ലെന്നും പ്രചരിച്ച വാർത്ത വാസ്തവവിരുദ്ധമാണെന്നും കെ കെ രമ വ്യക്തമാക്കി.
കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും ഇത്തരമൊരു നീക്കമോ ആലോചനയോ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും കെ കെ രമ പറയുന്നു. വ്യാജ വാർത്ത എങ്ങനെ പ്രചരിച്ചുവെന്ന് അറിയാൻ വാർത്ത പ്രസിദ്ധീകരിച്ച ചാനലിന്റെ പ്രതിനിധിയോട് നേരിട്ട് കെ കെ രമ സംസാരിച്ചുവെന്നുമാണ് വിവരം. ആർഎംപി നേതാവ് എൻ വേണുവും വാർത്ത പൂർണമായി തള്ളിയിട്ടുണ്ട്.
താൻ പറഞ്ഞു എന്ന പേരിൽ ചാനലിൽ അങ്ങനെയൊരു വാർത്ത വരാനിടയായ സാഹചര്യം വ്യക്തമായിട്ടില്ലെന്നും കെ കെ രമ പറഞ്ഞു. പാർട്ടിയിൽ അത്തരമൊരു ചർച്ച പോലും നടന്നിട്ടില്ല. കാരണം കേസ് കോടതിയുടെ പരിഗണനയിലാണല്ലോ എന്നും കെ കെ രമ പറഞ്ഞു. കേസ് അന്വേഷണത്തിൽ തനിക്ക് പൂർണ തൃപ്തിയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. എന്നാൽ അത്തരമൊരു അഭിപ്രായ പ്രകടനത്തിനുള്ള സമയം ഇതാണെന്ന് താൻ കരുതുന്നില്ലെന്നും കെ കെ രമ കൂട്ടിച്ചേർത്തു. 2012 മെയ് നാലിനാണ് ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. 2024 ഫെബ്രുവരിയിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസിൽ വിധി പറഞ്ഞിരിക്കുന്നത്. 12 പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.
