ന്യൂഡൽഹി: പാർലമെന്റിൽ ചെങ്കോൽ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പ്രകീർത്തിച്ച് രജനീകാന്ത്. തമിഴന്റെ അഭിമാനം ഉയർത്തിപിടിച്ചതിന് പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്ന് തമിഴ് സൂപ്പർ താരം രജനീകാന്ത്. തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നമായ ചെങ്കോൽ ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ തിളങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നതായി രജനീകാന്ത് ട്വിറ്ററിൽ കുറിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം ചെങ്കോൽ കൈമാറിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിലാണ് തമിഴ്നാട്ടിലെ ഹിന്ദുസന്ന്യാസി സംഘം മന്ത്രോച്ഛാരണങ്ങളുടെ അകമ്പടിയോടെ ചെങ്കോൽ കൈമാറിയത്.
സന്ന്യാസിമാരുടെ അനുഗ്രഹം തേടിയ മോദിയെ അവർ നെറ്റിയിൽ കളഭക്കുറിയിട്ട് പട്ടും മാലയും ചാർത്തി സമ്മാനങ്ങൾ നൽകി. വെള്ളിയിൽ തീർത്ത് സ്വർണം പൊതിഞ്ഞ അഞ്ചടി നീളവും നന്ദിശിൽപവുമുള്ള ഈ ചെങ്കോൽ അലഹബാദിലെ മ്യൂസിയത്തിൽനിന്നാണ് എത്തിച്ചത്.
അതേസമയം, 21 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടുനിൽക്കുകയാണ്. ജനാധിപത്യ, ഭരണഘടനാമൂല്യങ്ങൾ അവഗണിച്ച് മോദിമയമാക്കി രാജ്യത്തെ മാറ്റാൻ ശ്രമിക്കുന്നതാണ് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തിയ അസാധാരണ പ്രതിഷേധമായി വളർന്നത്. പരമോന്നത സ്ഥാനത്തിരിക്കുന്ന രാഷ്ട്രപതിയെ മാറ്റിനിർത്തി പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നത് അനൗചിത്യവും അവഹേളനവുമാണെന്ന് പ്രതിപക്ഷം കരുതുന്നു.