തിക്കോടി: ആധുനിക സാങ്കേതിക വിദ്യയുടെ വികാസം ലോകം തമ്മിലുള്ള അകലം കുറച്ചെന്ന് അഡ്വ. പി. ഗവാസ് പറഞ്ഞു. കേരളത്തിലെ ശാസ്ത്ര മേളകളില്‍ കുട്ടികള്‍ അവതരിപ്പിച്ച ആശയങ്ങള്‍ ലോകത്തെ മാറ്റി മറിക്കാന്‍ പ്രാപ്തമായ വന്‍ പദ്ധതികള്‍ക്ക് നിദാനമായിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 21 മുതൽ 23 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേലടി ഉപജില്ല ശാസ്ത്രോത്സവം തിക്കോടിയൻ സ്മാരക ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.ടി മേള, പ്രവൃത്തി പരിചയ മേള, സാമൂഹ്യ ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, ശാസ്ത്രമേള, വിവിധ മത്സരങ്ങളിലായി വ്യത്യസ്ഥ യൂനിറ്റുകളിൽ നിന്ന് വിവിധ വിദ്യാലയങ്ങളിൽ നിന്നായി 5,000 ത്തോളം വിദ്യാർത്ഥികളും അധ്യാപകരും മേളയിൽ പങ്കെടുക്കുന്നുണ്ട്. തമിഴ്നാട് നീലഗിരി ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് വികസിപ്പിച്ച റോബോട്ട് വിശിഷ്ടാതിഥിയായി ഉദ്ഘാടന ചടങ്ങിലും തുടർന്നും പരിപാടിക്ക് സാങ്കേതിക തികവ് നൽകി. സാങ്കേതിക വിദ്യയും നിര്‍മ്മിത ബുദ്ധിയും ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഈ റോബോര്‍ട്ടിന്‍റെ സാന്നിധ്യവും കുട്ടികളോടും പൊതുജനങ്ങളോടുമുള്ള ആശയവിനിമയവും ഈ വർഷത്തെ ശാസ്ത്രോത്സവത്തിൻ്റെ ഒരു സവിശേഷതയായി മാറി.
ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽഖിഫിൽ ചടങ്ങിൽ മുഖ്യാതിഥിയായി. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു. ശാസ്ത്രോത്സവത്തിന്‍റെ ലോഗോ രൂപകല്‍പന ചെയ്ത കീഴരിയൂർ എം . എൽ.പി.സ്കൂൾ അധ്യാപകൻ രഞ്ജിത്ത് നാരായണന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി ഹസീസ് ഉപഹാരം കൈമാറി.
ആർ. വിശ്വൻ, എ.കെ. ശ്രീനിവാസൻ, ബിനു കാരോളി, പ്രമോദ് സി, രമേശൻ കൊക്കാലേരി, രാഹുൽ എം.കെ, നിഷ . വി, അനീഷ് . പി , ടി. ഖാലിദ്, ധർമ്മജ എസ്, ഷിബു എ.വി, സബീഷ് കുന്നങ്ങോട്, ഒ. കെ ഫൈസൽ , പ്രേമൻ എം.കെ, റാണാ പ്രതാപ് എന്നിവർ ആശംസ നേർന്നു. പ്രിൻസിപ്പൽ സചിത്രൻ എ.കെ സ്വാഗതവും സ്വീകരണ കമ്മറ്റി കൺവീനർ സിന്ധു എൻ നന്ദിയും പറഞ്ഞു.