നൂതനാശയങ്ങളുടെ വിളനിലമായി തുറയൂർ ജി.യു.പി. സ്കൂളിലെ റോബോട്ടിക് എക്സ്പോ

news image
Nov 3, 2026, 12:33 pm GMT+0000 payyolionline.in

പയ്യോളി : തുറയൂർ ഗവൺമെന്റ് യുപി സ്കൂളിൽ നടന്ന ഇന്നൊവേറ്റേഴ്‌സ് റോബോട്ടിക് എക്സ്പോ ആശയങ്ങളുടെ പുതുമ കൊണ്ടും അവതരണം ഭംഗി കൊണ്ടും ശ്രദ്ധേയമായി. വാക്കറൂ ഫൗണ്ടേഷന്റെ സി എസ് ആർ ഫണ്ട് ഉപയോഗപ്പെടുത്തി ഡി ലീഡ് ഇന്റർനാഷണൽ, കോഴിക്കോട് ഡയറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിശീലന പരിപാടിക്ക് റോബോട്ടിക് എക്സ്പോയോടെ സമാപനം കുറിച്ചു.

സൂക്ഷിച്ചുവെച്ച ഭക്ഷണം പഴകിയാൽ ഫോണിലേക്ക് നോട്ടിഫിക്കേഷൻ നൽകാൻ സാധിക്കുന്ന ഫ്രഷ് ഗാർഡ് എന്ന ഉപകരണം, ഉണങ്ങിയ പാഴ് വസ്തുക്കളെയും നനവുള്ളവയെയും വേർതിരിച്ച് പ്രത്യേകം നിക്ഷേപിക്കാൻ സാധിക്കുന്ന റോബോട്ട്, വിളയ്ക്ക് ആവശ്യമായ രീതിയിൽ താപനിലയും ആർദ്രതയും സ്വയം ക്രമീകരിക്കുന്ന ഗ്രീൻ ഹൗസ്, വളരെ എളുപ്പത്തിൽ കുട്ടികൾക്ക് സംഖ്യകൾ പഠിപ്പിക്കാവുന്ന സർവോ മോട്ടോർ തുടങ്ങി റോബോട്ടിന്റെ സഹായത്തോടുകൂടി പ്രവർത്തിക്കുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് കുട്ടികൾ നിർമ്മിച്ച് അവതരിപ്പിച്ചത്.

അവതരണത്തിനു ശേഷം നടന്ന അനുമോദന സദസ്സ് തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയിൽ ഉദ്ഘാടനം ചെയ്തു. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രേമചന്ദ്രൻ കെ വി സമ്മാനവിതരണം നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നസീമ തെനങ്കാലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് മെമ്പർ ആദിൽ മുണ്ടിയത്ത്, സി എസ് ആർ എക്സിക്യൂട്ടീവ് ശ്രീരാം ജെ, പ്രോജക്ട് ഹെഡ് അമൽ എസ് രാജ്, ട്രെയിനർ സാദിഖ് സി എം, തുറയൂർ പഞ്ചായത്ത് പി ഇ സി കൺവീനർ ഹരീഷ് കെ, അധ്യാപകരായ ശ്രീജ ടി കെ, എം പി ടി എ പ്രസിഡന്റ് യു കെ നൂർജഹാൻ, കുലുപ്പ എ എൽ പി സ്കൂൾ പി ടി എ പ്രസിഡന്റ് ഹഫ്‌സിന എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ഇ ടി കെ ഇസ്മയിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ എം രജീഷ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe