തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിലെ അതി രൂക്ഷമായ വെള്ളക്കെട്ടിന്
അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു.
അശാസ്ത്രീയമായ രീതിയിൽ ദേശീയപാതയുടെ നിർമ്മാണം നടത്തിയതാണ് തിക്കോടി പഞ്ചായത്ത് ബസാറിലെ അതി രൂക്ഷമായ വെള്ളക്കെട്ടിന് കാരണമായത്.
ദേശീയപാതയ്ക്ക് അടിയിലൂടെ നേരത്തെ ഉണ്ടായിരുന്ന കൾവെട്ടുകൾ നിലനിർത്തുന്നതിന് പകരം നീക്കം ചെയ്തതാണ് ഈ രൂക്ഷമായ വെള്ളക്കെട്ട് സൃഷ്ടിച്ചത്. പഞ്ചായത്ത് ബസാർ ബീച്ച് റോഡിലെ വില്ലേജ് ഓഫീസ്, തിക്കോട് സർവീസ് സഹകരണ ബാങ്ക്, സാംസ്കാരിക നിലയം,
അക്ഷയ സെന്റർ ഉൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങളും നിരവധി കച്ചവട സ്ഥാപനങ്ങളും പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
നാഷണൽ ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്നവർക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ബീച്ച് ഭാഗത്തേക്കുള്ള ഓട്ടോ സർവീസുകളും ബസ് സർവീസും തീരദേശവാസികളെ വളരെയേറെ കഷ്ടത്തിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ഒരു മാസം മുമ്പ് തന്നെ ഈ പ്രശ്നം പരിഹരിക്കാൻ ഇടപെടൽ നടത്തണമെന്ന് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കോൺഗ്രസ് മെമ്പർമാർ ആവശ്യപ്പെട്ടെങ്കിലും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ളവർ വളരെ നിസംഗത പാലിക്കുകയായിരുന്നു.
ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തികഞ്ഞ അനാഥയാണ് ഈ പ്രശ്നം ഇത്രയും രൂക്ഷമാക്കിയത്.
ഈ വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ചില്ലെങ്കിൽ അതിശക്തമായ ബഹുജനപ്രക്ഷോഭത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകും. ആദ്യ ദിവസത്തെ സത്യാഗ്രഹത്തിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജയചന്ദ്രൻ തെക്കേക്കുറ്റി പവിത്രൻ കുറുങ്കായ, രമേശൻ വണ്ണാത്തിക്കുനി, നാരായണൻ ചെത്തിൽ, സിറാജ് കറുകന്റെ വിട എന്നിവർ നേതൃത്വം നൽകി.
ഡിസിസി ജനറൽ സെക്രട്ടറി സന്തോഷ് തിക്കോടി സമര വളണ്ടിയർമാരെ ഹാരാർപ്പണം നടത്തി സംസാരിച്ചു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ രാജീവൻ കോടല്ലൂർ, മോഹനൻ, പി വത്സരാജ്, അച്യുതൻ പുറക്കാട്, സനീർ, ആർ ടി ജാഫർ, വില്ലൻ കണ്ടി പവിത്രൻ, കുറുങ്കായ കെ അഷറഫ്, ടി പി ശശി, മഠത്തിൽ രാജീവൻ എന്നിവർ സംസാരിച്ചു.