പയ്യോളി: ദേശീയപാത നിർമ്മാണ സ്ഥലത്ത് സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തത് അപകട ഭീഷണി ഉയർത്തുന്നു. കണ്ണൂരിൽ നിന്ന് പയ്യോളി ഭാഗത്തേക്ക് വരുന്നയിടത്ത് കിഴക്ക് ഭാഗത്തുള്ള പെട്രോൾ പമ്പിൽ സമീപത്തായാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കാറും സ്കൂട്ടറും ഉൾപ്പെടെയുള്ള വാഹനങ്ങളുടെ യാത്രക്കാർ അപകടത്തിൽപ്പെട്ടത്. അരക്കിലോമീറ്ററോളം വരുന്ന ഭാഗത്ത് നല്ല വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് വേഗം നിയന്ത്രിക്കാനോ ദിശ മാറിപ്പോകാനോ ഉള്ള ബോർഡുകൾ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമായി പറയുന്നത്. ഈ റൂട്ടിലൂടെ സ്ഥിരം യാത്രക്കാർ അല്ലാത്തവരാണ് അപകടത്തിൽപ്പെടുന്നവരിലേറിയും. രാത്രികാലങ്ങളിൽ തെരുവു വിളക്കുകൾ പൂർണമായും ഇല്ലാത്ത ഒരു ഭാഗമാണിത്. ഇതും വലിയ അപകട ഭീഷണിയാണ്.

വടകരയിൽ നിന്ന് പയ്യോളിയിലേക്ക് എത്തുന്ന റോഡിൽ ദേശീയപാത നിർമ്മാണ സ്ഥലത്ത് സൂചന ബോർഡുകൾ സ്ഥാപിക്കാത്ത നിലയിൽ.
പലപ്പോഴും പലതരത്തിലുള്ള ദുരന്തങ്ങൾ സംഭവിച്ച ശേഷമാണ് ദേശീയപാത നിർമ്മാണ കരാർ കമ്പനി പരിഹാരവുമായി വരുന്നതെന്ന ആക്ഷേപം നേരത്തെ ഉണ്ട്. മുൻപ് ഡ്രൈനേജ് സ്ലാബ് തകർന്നിടത്ത് വാഹനങ്ങളും ആളുകളും കുഴിയിൽ ചാടുന്നത് പതിവായിരുന്നു. ഇത് സംബന്ധിച്ച പരാതികൾ ഉയർന്നത്തോടെയാണ് ഇപ്പോൾ സുരക്ഷ റിബൺ കെട്ടി വേർതിരിക്കുന്നത്. പല സ്ഥലങ്ങളിലും കുഴിയിൽ സൂചിപ്പിക്കാൻ വേണ്ടി ഡ്രമ്മുകളും നിർമ്മാണ കരാർ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും ഒരു സംവിധാനം ഇവിടെ ഏർപ്പെടുത്തിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാൻ ആകും എന്നാണ് നാട്ടുകാരുടെ അഭിപ്രായം.
പയ്യോളി ടൗണിലെ മേൽപ്പാലത്തിലേക്കുള്ള റോഡ് ആരംഭിക്കുന്ന സ്ഥലത്താണ് സൂചന ബോർഡുകൾ സ്ഥാപിക്കാത്തത്. നിർമ്മാണ പ്രവർത്തി ഇഴഞ്ഞുനീക്കുന്നതിന് പുറമേ ഇത്തരത്തിലുള്ള അപകടങ്ങൾ കൂടിയാവുന്നത് ജനത്തിന് ദുരിതമാകുന്നുണ്ട്.
