പുതിയ റെക്കോർഡുകൾ പിറക്കുമോ? ഐപിഓ മാമാങ്കത്തിനൊരുങ്ങി ജിയോ; ഔദ്യോഗിക പ്രഖ്യാപനം നടത്തി മുകേഷ് അംബാനി

news image
Aug 29, 2025, 11:53 am GMT+0000 payyolionline.in

ഇന്ത്യൻ വിപണിയിൽ ആവേശത്തിര സൃഷ്ടിക്കാൻ പോന്ന വമ്പൻ പ്രഖ്യാപനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ടെലികോം, ഡിജിറ്റൽ ഭീമനായ റിലയൻസ് ജിയോ പ്ലാറ്റ്‌ഫോമുകൾ 2026 ന്‍റെ ആദ്യ പകുതിയിൽ പ്രാരംഭ ഓഹരി വിൽപനക്ക് (ഐപിഒ) അപേക്ഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 48-ാമത് വാർഷിക പൊതുയോഗത്തിലായിരുന്നു അംബാനിയുടെ പ്രഖ്യാപനം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ ടെലികോം വിഭാഗമാണ് ജിയോ. ആകാശ് അംബാനിക്കാണ് കമ്പനിയുടെ ചുമതല. കമ്പനിയുടെ ആഗോള എതിരാളികളുടേതിന് സമാനമായ മൂല്യം സൃഷ്ടിക്കാൻ ജിയോയ്ക്ക് കഴിയുമെന്ന് തെളിയിക്കുമെന്ന് പറഞ്ഞ മുകേഷ് അംബാനി 500 മില്യണ്‍ ഉപയോക്താക്കള്‍ എന്ന നാഴികക്കല്ല് ജിയോ പിന്നിട്ടു കഴിഞ്ഞതായും വ്യക്തമാക്കി. ജിയോ വിദേശത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും സ്വന്തമായി എഐ സാങ്കേതികവിദ്യ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക‍ഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ മുൻ വർഷത്തേക്കാൾ 25% വർധനവ് രേഖപ്പെടുത്തി, ജിയോ പ്ലാറ്റ്‌ഫോമുകൾ ₹7,110 കോടി അറ്റാദായം നേടിയിരുന്നു. വരുമാനത്തിൽ 19% വളർച്ചയുണ്ടായി. പുതിയ വരിക്കാരുടെ വരവ്, 5G, ഹോം ബ്രോഡ്‌ബാൻഡ് സേവനങ്ങളിലുണ്ടായ കുതിപ്പ് എന്നിവയാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണമായത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം നെറ്റ് വര്‍ക്ക് ഓപ്പറേറ്ററാണ് ജിയോ.

അഞ്ച് പ്രധാന പദ്ധതികളിൽ ഊന്നിയാവും ജിയോയുടെ ഭാവി പരിപാടികൾ:

ഒന്ന്: ജിയോ എല്ലാ ഇന്ത്യക്കാരെയും മൊബൈൽ, ഹോം ബ്രോഡ്‌ബാൻഡ് വഴി ബന്ധിപ്പിക്കും.

രണ്ട്: ജിയോ എല്ലാ ഇന്ത്യൻ വീടുകളെയും ജിയോ സ്മാർട്ട് ഹോം, ജിയോ ടിവി+, ജിയോ ടിവി ഒഎസ്, തടസ്സമില്ലാത്ത ഓട്ടോമേഷൻ തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ കൊണ്ട് സജ്ജമാക്കും.

മൂന്ന്: ലളിതവും വിപുലീകരിക്കാവുന്നതും സുരക്ഷിതവുമായ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ജിയോ എല്ലാ ഇന്ത്യൻ ബിസിനസിനെയും സംരംഭത്തെയും ഡിജിറ്റൈസ് ചെയ്യും.

നാല്: ജിയോ ഇന്ത്യയിൽ AI വിപ്ലവം പ്രഖ്യാപിക്കും. എല്ലാവർക്കും എല്ലായിടത്തും AI എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം.

അഞ്ച്: ജിയോ ഇന്ത്യയ്ക്ക് പുറത്തേക്ക് അതിന്റെ പ്രവർത്തനങ്ങൾ വികസിപ്പിക്കും, നമ്മുടെ സ്വന്തം സാങ്കേതികവിദ്യ ലോകമെമ്പാടുമുള്ള ആളുകളിലേക്ക് എത്തിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe