ആലപ്പുഴയിലെ നവകേരള സദസ്സിനിടെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ എസ്ഐടിയെ രൂക്ഷമായി വിമർശിച്ച് കോടതി. റിപ്പോർട്ട് എവിടെ എന്ന് ചോദിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ കോടതി ശകാരിച്ചു. കേസ് പരിഗണിക്കുന്ന കാര്യം മുൻകൂട്ടി പറഞ്ഞിട്ടും കൃത്യസമയത്ത് അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ എന്തുകൊണ്ട് സാധിച്ചില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. അന്വേഷണ ഉദ്യോഗസ്ഥൻ ഡിജിപിയുടെ യോഗം ഒരു ന്യായമായി കോടതിയിൽ പറഞ്ഞെങ്കിലും അത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല.
പ്രത്യേക അന്വേഷണ സംഘമല്ല ആരായാലും അന്വേഷണ റിപ്പോർട്ടില്ലാതെ എങ്ങനെ കേസ് പരിഗണിക്കുമെന്ന് കോടതി ചോദിച്ചു. ശേഷം കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. പുതിയ വകുപ്പുകൾ ചേർത്ത റിപ്പോർട്ടാണ് എസ്ഐടിക്ക് ഇന്ന് സമർപ്പിക്കാൻ സാധിക്കാതിരുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ വിവരങ്ങൾ പോലും കോടതിയെ ധരിപ്പിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. പ്രധാനപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാകാത്തതും കോടതിയെ ഇന്ന് ചൊടിപ്പിച്ചു.
അതേസമയം ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. കേസിനു പിന്നിൽ രാഷ്ട്രീയ- വ്യക്തി വിരോധമാണ്. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണെന്നും അറസ്റ്റ് ചെയ്താൻ വിട്ടയക്കണമെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. അതേസമയം കേസിന്റെ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന ആരോപണം എഡിജിപി എംആർ അജിത്ത് കുമാർ തള്ളി. അജിത്കുമാറിന്റെ നിർദേശപ്രകാരം ഓഫീസിലെ രണ്ട് ഗ്രേഡ് എസ്ഐമാർ കേസ് ഡയറിയും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ടും തിരുത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇതിനോടകം എസ്ഐടിയ്ക്ക് നൽകിയ മൊഴി. കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എ ഡി ജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതിന്റെ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.
