ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; ആക്രമണം വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ

news image
Oct 7, 2025, 10:12 am GMT+0000 payyolionline.in

സീതത്തോട് (പത്തനംതിട്ട)∙ പൊന്നമ്പലമേടിനു സമീപം വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി വിഭാഗത്തിൽപ്പെട്ട ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു. പച്ചക്കാനം പെരിയാർ കടുവസങ്കേതം പടിഞ്ഞാറ് ഡിവിഷനിലെ വാച്ചർ അനിൽ കുമാറിനെയാണ് (കൊച്ചുമോൻ–30) കടുവ ആക്രമിച്ചത്മൂന്നു ദിവസം മുൻപാണ് വനവിഭവങ്ങൾ തേടി അനിൽകുമാർ പൊന്നമ്പലമേട് ഭാഗത്തേയ്ക്കു പോയത്. തിങ്കളാഴ്ച സന്ധ്യയായിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് സഹോദരങ്ങളുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ വസ്‌ത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. തുടർന്ന് നടന്ന വിശദമായ പരിശോധനയിൽ ഇന്ന് രാവിലെയാണ് പൊന്നമ്പലമേട്ടിൽനിന്നും കുറേ അകലെയായി ചടയാൻതോട് ഭാഗത്തായി മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്.

തങ്കയ്യ-ചെല്ലമ്മ ദമ്പതികളുടെ മകനാണ് അനിൽ കുമാർ. ഏതാനും വർഷങ്ങളായി പെരിയാർ കടുവ സങ്കേതം പടിഞ്ഞാറ് ഡിവിഷന്റെ പരിധിയിൽപ്പെട്ട പച്ചക്കാനം ഫോറസ്റ്റ് സ്‌റ്റേഷനിൽ വാച്ചറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ അവധി പ്രമാണിച്ചാണ് വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയത്. ഗവിയിൽ ജനിച്ചു വളർന്ന അനിൽകുമാറിനു പൊന്നമ്പലമേട്, ഗവി കാടുകൾ സുപരിചിതമാണ്. ഒഴിവുള്ള ദിവസങ്ങളിൽ മിക്കപ്പോഴും ഒറ്റക്കാണ് അനിൽകുമാർ കാട്ടിൽ പോകാറുള്ളതെന്ന് ബന്ധുക്കൾ പറഞ്ഞു. നിശ്ചിത സമയം കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടർന്നാണ് ബന്ധുക്കളുടെ സംഘം ഉൾവനത്തിലേക്കു തിരച്ചിലിനു പുറപ്പെട്ടത്. സംഭവം അറിഞ്ഞ് മൂഴിയാർ പൊലീസും സ്ഥലത്ത് എത്തി. ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം കിലോമീറ്ററുകൾ ചുമന്നാണ് മൃതദേഹം വനപാലകരും സ്ഥലവാസികളും കൂടി ഗവിയിൽ എത്തിച്ചത്. പെരിയാർ കടുവ സങ്കേതം പടിഞ്ഞാറ് ഡിവിഷൻ റേഞ്ച് ഓഫിസർ, പച്ചക്കാനം ഡപ്യൂട്ടി റേഞ്ചർ എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe