പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഷിഗെല്ല, ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജന ജാഗ്രതയ്ക്കായി ബോധവൽക്കരണ മൈക്ക് പ്രചരണം സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മേലടി സി.എച്ച്.സി.യുടെ (CHC) സഹകരണത്തോടെയാണ് മൈക്ക് പ്രചരണം നടത്തിയത്.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തിക്കോടി, കീഴരിയൂർ, തുറയൂർ, മേപ്പയൂർ എന്നീ പഞ്ചായത്തുകളിലൂടെയാണ് ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്ഥാപനത്തിന്റെയും നേതൃത്വത്തിൽ അനൗൺസ്മെന്റ് നടത്തിയത്. മൈക്ക് പ്രചരണത്തിന്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. അബ്ദുൽ ജലീൽ നിർവ്വഹിച്ചു. സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. വീണ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗങ്ങളായ നിഷ, ശില്പ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. ഹെൽത്ത് സൂപ്പർവൈസർ വിനോദ്, ജെ.എച്ച്.ഐ-മാരായ (JHI) സന്ദീപ്, ദിനേശൻ പി.കെ, സുബീഷ് എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾക്കും പ്രചരണത്തിനും നേതൃത്വം നൽകി.
