മെയ് 4 ന് സന്തോഷത്തിൻറെ കേക്ക് മുറിച്ച് കഴിച്ച പൊലീസുകാരോടാണ്, ഞങ്ങളെ തല്ലിയാൽ ഞങ്ങളും തല്ലുമെന്ന് എസ്എഫ്ഐ; നീറ്റ് ക്രമക്കേടിലെ പ്രതിഷേധം സംഘർഷഭരിതം

news image
May 13, 2026, 8:19 am GMT+0000 payyolionline.in

കൊല്ലം: ഭരണമാറ്റത്തിന് പിന്നാലെ പൊലീസിനെതിരെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി. പൊലീസുകാർക്ക് ഇടതു സർക്കാർ തന്ന സംരക്ഷണം ഇല്ലാതായെന്നാണ് പി എസ് സഞ്ജീവിൻറെ മുന്നറിയിപ്പ്. ഞങ്ങൾ തല്ലില്ല, പക്ഷേ ഞങ്ങളെ തല്ലിയാൽ തിരിച്ച് തല്ലും, വലത് പക്ഷത്തിൻറെ ബലത്തിൽ മൂന്നാം മുറ എടുത്താൽ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധം കൊല്ലത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. മെയ് 4 ന് സന്തോഷത്തിൻറെ കേക്ക് മുറിച്ച് കഴിച്ചവരോടാണ് ഇത് പറയുന്നതെന്നും പി എസ് സഞ്ജീവ് വിവരിച്ചു. നീറ്റ് വിഷയത്തിൽ കേന്ദ്രസർക്കാർ ഇതുവരെ ബന്ധപ്പെട്ട വകുപ്പിനോട് വിശദീകരണം ചോദിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ കൂട്ടിലടച്ചിട്ട തത്തയാണ് സി ബി ഐ. ആ സി ബി ഐ അന്വേഷണം നടത്തിയാൽ സത്യം പുറത്തുവരുമോയെന്നും സഞ്ജീവ് ചോദിച്ചു. ക്രമക്കേട് നടന്നില്ല എന്ന റിപ്പോർട്ട് ആകും സി ബി ഐ സമർപ്പിക്കുക. കേന്ദ്ര സർക്കാരിൻറെ താൽപര്യങ്ങൾക്ക് വിദ്യാർത്ഥികളെ വിധേയമാക്കുന്നു. 23 ലക്ഷം വിദ്യാർത്ഥികളുടെ ഭാവിയെ ഇല്ലാതാക്കുന്നതാണ് ഈ നിലപാട്. നീറ്റ് യു ജി പരീക്ഷ കാര്യക്ഷമമായി നടത്താൻ സാധിക്കാത്ത നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) പിരിച്ചുവിടണമെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. സ്വകാര്യ ഏജൻസിയാണ് സുപ്രധാനമായ പരീക്ഷ നടത്തുന്നത്. കേന്ദ്ര സർക്കാരിനു വേണ്ടി ഏജൻസി മാഫിയ പണിയെടുക്കുന്നു. എങ്ങനെയാണ് എല്ലാത്തവണയും ഇത്തരത്തിൽ ചോദ്യപേപ്പർ ചോരുന്നത്. ഓരോ തവണയും വിദ്യാർത്ഥികൾ ക്രൂശിക്കപ്പെടുകയാണെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.

സംഘർഷ ഭരിതം എസ് എഫ് ഐ പ്രതിഷേധം
അതേസമയം കൊല്ലത്തടക്കം വിവിധ ജില്ലകളിൽ എസ് എഫ് ഐ പ്രതിഷേധം സംഘർഷഭരിതമായിരുന്നു. പലയിടത്തും പ്രവർത്തകരും പൊലീസും മുഖാമുഖം വന്നു. കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചിന് നേരെ പൊലീസ് ലാത്തിചാർജ് നടത്തി. ലാത്തി ചാർജിൽ പ്രവർത്തകർക്ക് പരിക്കേറ്റു. തിരുവനന്തപുരം, പാലക്കാട്, കോട്ടയം, കണ്ണൂർ ജില്ലകളിലും നീറ്റ് ക്രമക്കേടിനെതിരായ എസ് എഫ് ഐ പ്രതിഷേധം അതിശക്തമായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe