മോഡലിങ് കെണിയുടെ സൂത്രധാര സിന്ധു, അലീനയും മഞ്ജിമയും കൂട്ടാളികൾ; സെക്സ്റാക്കറ്റിന് പുറമേ സ്വർണ്ണക്കടത്തും, കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായും ബന്ധം?

news image
May 20, 2026, 3:40 am GMT+0000 payyolionline.in

കൊച്ചി: മോഡലിങ്ങിൻറെ മറവിൽ മലയാളി പെൺകുട്ടികളെ വിദേശ സെക്സ്റാക്കറ്റിന് കൈമാറി ക്രൂര പീഡനത്തിന് ഇരയാക്കിയ കേസിൽ മുഖ്യപ്രതി സിന്ധു ആണെന്ന് പൊലീസ്. കേസിൽ അന്വേഷണം പുരോഗമിക്കവേയാണ്. മോഡലിംങ് കെണി അസൂത്രണം ചെയ്തത് സിന്ധു ആണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദുബായിൽ ഫാഷൻ ഷോ ഉണ്ടെന്ന് മോഡലുകളെ തെറ്റിധരിപ്പിച്ചത് സിന്ധുവാണെന്നും യുവതികളെ ദുബായിയിൽ എത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കകയും വിസയടക്കം നൽകിയതും സിന്ധു ആണെന്ന് പൊലീസ് കണ്ടെത്തി. മോഡലിങ് പരിശീലനം, ജോലി, ദുബായ് വീഡിയോ ഷൂട്ട്‌, ആഡംബര ഹോട്ടലിൽ താമസം, വിനോദ യാത്ര എന്നിവ വാഗ്ദാനം ചെയ്താണ് പ്രതി യുവതികളെ പ്രലോഭിപ്പിച്ചത്..

നിലവിൽ മൂന്ന് പേരാണ് പൊലീസിൻറെ പിടിയിലായത്. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ദുബായിൽ ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന സിന്ധു, തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ പിടിയിലായത്. കേസിൽ ഇനി പിടികൂടാൻ ഉള്ളതും രണ്ട് വനിതകളെയാണ്. ദുബായിൽ ഉള്ള രണ്ടു പേരെയും നാട്ടിൽ എത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. മുംബൈയിൽ പിടിയിലായ സിന്ധുവിനെ ഇന്ന് കൊച്ചിയിൽ എത്തിക്കും. മൂംബൈയിൽ നിന്നും ദില്ലിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് സിന്ധു പൊലിസീൻറെ പിടിയിലാകുന്നത്. സിന്ധുവിനെ ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. കൊച്ചി കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘങ്ങൾക്കും ഈ കേസുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

അതിജീവിതമാരെ കാരിയർമാരാക്കിയതായും പൊലീസ് സംശയിക്കുന്നുണ്ട്. സിന്ധുവിൻറെ കെണിയിൽപ്പെട്ട യുവതിയെ നിർബന്ധിപ്പിച്ചു നാട്ടിലേക്ക് സ്വർണം കടത്തിയെന്നാണ് പൊലീസ് അന്വേഷണത്തിൽ സൂചനകൾ ലഭിക്കുന്നത്. ഇവർ വിദേശത്തേക്ക് കൊണ്ടുപോയ യുവതികളിൽ പലരും കേരളത്തിന് പുറത്തുള്ള വിമാനത്തവളങ്ങളിലാണ് എത്തിയതെന്ന് പൊലീസ് കണ്ടെത്തി. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. മോഡലിംങ് കെണിയിൽ കൂടുതൽ പരാതിക്കാർ ഉണ്ടെങ്കിൽ പൊലീസിനെ സമീപിക്കണം എന്ന് കൊച്ചി കമീഷണർ അറിയിച്ചു. വനിതാ സെല്ലിൽ നേരിട്ട് പരാതി നൽകാമെന്നും, വനിതാ സെൽ സിഐയുടെ നമ്പറിൽ, ഫോണിലൂടെയും പരാതി അറിയിക്കാമെന്നും കമ്മീഷണർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe