നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചതോടെ ആരൊക്കെ മന്ത്രിമാരാകണമെന്ന ചർച്ച സജീവമാക്കി ലീഗ്. അഞ്ച് മന്ത്രി സ്ഥാനം ഉറപ്പിക്കുന്ന ലീഗ് ആറുവരെ കിട്ടിയേക്കാം എന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് യുഡിഎഫിൽ ധാരണയായാൽ പികെ കുഞ്ഞാലികുട്ടി ലീഗിലെ അടുത്ത ഉപമുഖ്യമന്ത്രിയാകും. പികെ കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ, പാറക്കൽ അബ്ദുള്ള, എൻ ഷംസുദ്ധീൻ, എകെഎം അഷ്റഫ് എന്നിവരാണ് മന്ത്രി സ്ഥാനത്തിന് സാധ്യത കൽപ്പിക്കപ്പെടുന്ന ആദ്യനിര. കെഎം ഷാജി, പികെ ബഷീർ, ടിവി ഇബ്രാഹിം, കുറുക്കോളി മൊയ്ദീൻ, മഞ്ഞളാംകുഴി അലി എന്നിവരും സജീവ പരിഗണനയിലുണ്ട്.
ഫാത്തിമ തെഹലിയ, ജയന്തി രാജൻ എന്നീ വനിതകളിൽ ആരെങ്കിലും വിജയിച്ചാൽ ഒരു മന്ത്രി സ്ഥാനം വനിതകൾക്ക് നൽകണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗ് ആവശ്യം മുന്നോട്ട് വെക്കില്ലെങ്കിലും യുഡിഎഫിൽ ധാരണയായാൽ പികെ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകും. ആറ് മന്ത്രിസ്ഥാനത്തിന് വേണ്ടി യുഡിഎഫിനെ സമ്മർദ്ദത്തിലാക്കേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. പരമാവധി 23 സീറ്റുകളിൽ വരെ ഇത്തവണ വിജയിച്ചേക്കുമെന്നാണ് ലീഗ് കണക്ക് കൂട്ടൽ.
