വടകര: വടകര ജെ.ടി റോഡിൽ പരിഷ്കരണ പ്രവൃത്തി പൂർത്തിയായിട്ടും ടാറിങ് നടക്കാത്തത് വ്യാപാരികൾക്കും യാത്രക്കാരനും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. റോഡിന്റെ ഇരുഭാഗത്തും കുറുകെയുമുള്ള ഓവുചാൽ നിർമാണം പൂർത്തിയായിട്ടും ടാറിങ് ആരംഭിച്ചിട്ടില്ല എന്നതാണ് പ്രധാന പ്രശ്നം.
ഓവുചാൽ നിർമാണത്തിനായി കുഴിച്ചിടങ്ങളിൽ മണ്ണ് താണു കുഴികൾ രൂപപ്പെട്ടതോടെ അപകട സാധ്യതയും വർധിച്ചിട്ടുണ്ട്. ഇതിൽ തട്ടി നിരവധി ഇരുചക്രവാഹനങ്ങൾ വീഴുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, പൊടി ശല്യവും ഇളകിനിലക്കുന്ന കല്ലുകൾ അപകടം സൃഷ്ടിക്കുന്നതുമാണ് വ്യാപാരികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.
വ്യാപാരികൾ നേരിടുന്ന പ്രയാസങ്ങൾ ദിനം പ്രതി വർധിക്കുകയാണ്. ജെ ടി റോഡിൽ അടിയന്തരമായി റീ ടാറിങ് പ്രവൃർത്തി നടത്തണമെന്ന് വ്യാപാരി വ്യാവസായി സമിതി വിരഞ്ചേരി യുണിറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ടി.ഇ ഷനു അധ്യഷത വഹിച്ചു. കെ പത്മനാഭൻ , പി കെ സുധീർ കുമാർ എന്നിവർ സംസാരിച്ചു.