ആലപ്പുഴ: സംസ്ഥാനത്ത് ഭരണമാറ്റം പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. എക്സിറ്റ് പോളുകളിൽ തനിക്ക് വിശ്വാസമില്ലെന്നും ജനങ്ങൾ രേഖപ്പെടുത്തിയ യഥാർത്ഥ പോളിംഗിലാണ് വിശ്വാസമെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസിനും യു.ഡി.എഫിനും അനുകൂലമായ മികച്ച ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. മെയ് നാലിന് വോട്ടെണ്ണൽ നടക്കുമ്പോൾ യഥാർത്ഥ ചിത്രം വ്യക്തമാകുമെന്നും ആ സുദിനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂരിഭാഗം എക്സിറ്റ് പോളുകളും യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് പ്രവചിക്കുമ്പോഴാണ് കെ.സി. വേണുഗോപാലിന്റെ ഈ കരുതലോടെയുള്ള പ്രതികരണം. ആക്സിസ് മൈ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ ഏജൻസികൾ യു.ഡി.എഫിന് 90 സീറ്റുകൾ വരെ പ്രവചിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ പുതുച്ചേരി ഉൾപ്പെടെയുള്ള ഇടങ്ങളിലും യു.ഡി.എഫ് മുന്നേറ്റമാണ് സർവേകൾ സൂചിപ്പിക്കുന്നത്. വോട്ടെണ്ണലിന് നാല് ദിവസം മാത്രം ബാക്കിനിൽക്കെ വന്ന സർവേ ഫലങ്ങൾ മുന്നണികൾക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
