തിരുവനന്തപുരം: രാജ്യത്തെ ഞെട്ടിച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ബോധപൂർവ്വം വൈകിപ്പിക്കുന്നതായി ആരോപണം. കുറ്റപത്രത്തിന്റെ കരട് തയ്യാറായിട്ടും അന്തിമ റിപ്പോർട്ട് പ്രോസിക്യൂഷൻ അനുമതിക്കായി സർക്കാരിന് കൈമാറാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം മാത്രം തുടർനടപടികളിലേക്ക് കടന്നാൽ മതിയെന്ന ധാരണയിലാണ് അന്വേഷണ സംഘമെന്നാണ് സൂചന.
കേസിലെ സുപ്രധാനമായ ജംഷഡ്പൂർ കേന്ദ്ര ലാബിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലം ശേഖരിക്കാനും എസ്.ഐ.ടി ഇതുവരെ തയ്യാറായിട്ടില്ല. ശാസ്ത്രീയ പരിശോധന പ്രകാരം 1700 ഗ്രാം സ്വർണം കവർച്ച ചെയ്യപ്പെട്ടതായാണ് നിഗമനം. എന്നാൽ സ്വർണ്ണ പാളികൾ മാറ്റിയതുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തത വരുത്താൻ കേന്ദ്ര ലാബിലെ റിപ്പോർട്ട് അനിവാര്യമാണ്. റിപ്പോർട്ട് സംബന്ധിച്ച അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചിട്ടും അത് ഔദ്യോഗികമായി കൈപ്പറ്റാതെ കുറ്റപത്രം നീട്ടിക്കൊണ്ടുപോവുകയാണ്.
സമയബന്ധിതമായി കുറ്റപത്രം നൽകാത്തതിനാലാണ് കേസിലെ മുഴുവൻ പ്രതികൾക്കും സ്വാഭാവിക ജാമ്യം ലഭിച്ചത്. നിലവിൽ തയ്യാറാക്കിയിരിക്കുന്ന രണ്ട് കരട് കുറ്റപത്രങ്ങളിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ദ്വാരപാലക ശില്പങ്ങളിലെ കവർച്ചയിൽ 15 പ്രതികളും കട്ടിളപ്പാളി മോഷണത്തിൽ 14 പ്രതികളുമാണുള്ളത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു കട്ടിളപ്പാളി മോഷണക്കേസിൽ മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്.
തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ കേസിലെ നിലപാട് മാറുമോ എന്ന ആശങ്കയും ഉദ്യോഗസ്ഥർക്കുണ്ട്. കേസ് കേന്ദ്ര ഏജൻസികൾക്ക് വിടുമോ എന്ന ചോദ്യവും നിലനിൽക്കുന്നു. പ്രതികൾക്ക് രാഷ്ട്രീയ ഉന്നതരുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ അന്വേഷണത്തിലേക്ക് നീങ്ങാൻ എസ്.ഐ.ടി തയ്യാറാകാത്തതും വലിയ വിവാദങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ അന്വേഷണ സംഘത്തിന്റെ ഈ മെല്ലെപ്പോക്ക് വലിയ തിരിച്ചടിയായേക്കും.
