സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാലിടത്ത് ഓറഞ്ച് അലേർട്ട്, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

news image
Jun 28, 2026, 4:29 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി പത്ത് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ വടക്കൻ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്.

​ജൂൺ 29-നും സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. അന്ന് കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 30-ഓടെ മഴ കൂടുതൽ കനക്കുമെന്നാണ് സൂചന. മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലുള്ളവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

​ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവർ അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം. ദുരന്തസാധ്യത മേഖലകളിലുള്ളവർ തങ്ങളുടെ പ്രദേശങ്ങളിൽ ക്യാമ്പുകൾ തുറന്നു എന്ന് ഉറപ്പാക്കണമെന്നും പകൽ സമയത്തുതന്നെ അങ്ങോട്ട് മാറാൻ തദ്ദേശ-റവന്യൂ അധികാരികളുമായി ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവരും പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് കാലാവസ്ഥ വകുപ്പ് ഓർമ്മിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe