ജിദ്ദ: സൗദി അറേബ്യയിൽ ഇനി ഔദ്യോഗിക തീയതികൾ കണക്ക് കൂട്ടുക ഇംഗ്ലീഷ് (ഗ്രിഗോറിയൻ) കലണ്ടർപ്രകാരമായിരിക്കും. എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളിലും ഇടപാടുകളിലും ഇംഗ്ലീഷ് കലണ്ടർ അവലംബമാക്കാൻ റിയാദിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. എന്നാൽ ഇസ്ലാമിക ശരീഅത്തുമായി ബന്ധപ്പെട്ടവ ഹിജ്റി കലണ്ടർ പ്രകാരം നിശ്ചയിക്കുന്ന പതിവ് രീതി തുടരുകയും ചെയ്യും. രാജ്യത്തെ സർക്കാർ തലത്തിലുൾപ്പടെ പൊതുവായ തീയതികളും കാലയളവുകളും ഇതോടെ ഇംഗ്ലീഷ് കലണ്ടറിനെ അടിസ്ഥാനമാക്കി പുനക്രമീകരിക്കും.
രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും ദേശീയ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വിസ, വാണിജ്യ ലൈസൻസ് തുടങ്ങി പൊതുജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഈ മാറ്റമുണ്ടാവും. ഹിജ്രി തീയതിയും ഒപ്പം ഇംഗ്ലീഷ് തീയതിയും രേഖപ്പെടുത്തുന്ന രീതി മാറ്റി പകരം ഈ പറഞ്ഞതിെൻറ കാലാവധികൾ നിശ്ചയിക്കുന്നത് പൂർണമായും ഇംഗ്ലീഷ് കലണ്ടർ പ്രകാരമാക്കി മാറ്റും.
പ്രതിവാര മന്ത്രിസഭ യോഗത്തിൽ ആനുകാലിക സംഭവവികാസങ്ങൾ ഉൾപ്പടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനുമായി നടത്തിയ ഫോൺ സംഭാഷണത്തിെൻറ വിശദാംശങ്ങൾ കിരീടാവകാശി മന്ത്രിസഭയെ അറിയിച്ചു. ഗസ്സയിലെ സംഭവ വികാസങ്ങളെക്കുറിച്ചുള്ള സൗദി അറേബ്യയുടെ നിലപാട് ആ സംഭാഷണത്തിൽ വ്യക്തമാക്കിയതും അദ്ദേഹം സൂചിപ്പിച്ചു.
ഗസ്സയിലെ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം നിറവേറ്റാൻ അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിക്കുന്നതടക്കമുള്ള നീക്കങ്ങളും യോഗം ചർച്ച ചെയ്തു. ഗസ്സയിലെ ദുരിതം അനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് അടിയന്തിര മാനുഷിക സഹായം എത്തിക്കാൻ ദുരിതാശ്വാസ സംഘടനകളെ പ്രാപ്തരാക്കുക, ഫലസ്തീൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് ന്യായവും സമഗ്രവുമായ ഒരു പരിഹാരം കണ്ടെത്തുക എന്നിവക്ക് വിവിധ തലങ്ങളിൽ രാജ്യം നടത്തിവരുന്ന നയതന്ത്ര ശ്രമങ്ങളും മന്ത്രിസഭ വിലയിരുത്തി.