തിക്കാടി: “ഞങ്ങൾ ആറ് പേരും സാധാരണ കടലിൽ ഇറങ്ങുന്നത് പോലെ ഒന്ന് ഇറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അത്ര വലിയ കുഴപ്പം തോന്നിയിരുന്നില്ല. അപ്പോ ഞങ്ങൾ അഞ്ച് പേരും ഒരുമിച്ചു നിന്നു. പെട്ടെന്ന് വലിയ തിര വന്ന് എല്ലാരും കൂടെ പോയി . എത്ര നീന്തിയിട്ടും മുമ്പോട്ട് വരാൻ പറ്റുന്നില്ല”.തിക്കാടി കല്ലകത്ത് ബീച്ചിൽ വിനോദസഞ്ചാരത്തിനു എത്തി കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെട്ട് രക്ഷപെട്ട ജിൻസി സംഭവത്തെ കുറിച്ചു വിശദീകരിക്കുന്നു. അപകടത്തിൽ നാലുപേർ മരിച്ചിരുന്നു.വയനാട് കൽപ്പറ്റ സ്വദേശികളായ അഞ്ചുകുന്ന് പാട്ടശ്ശേരി വീട്ടിൽ നൗഷാദിന്റെ ഭാര്യ അനീസ (35), കൽപ്പറ്റ നെല്ലിയംപാടം സജീഷിന്റെ ഭാര്യ അമ്പിലേരി വാണി (32), കൽപ്പറ്റ ഗൂഢലായി കുന്ന് നടുക്കുന്നിൽ വീട്ടിൽ വിനീഷ് (40) , പെരുന്തട്ട ചുണ്ടേൽ വീട്ടിൽ ഫൈസൽ എന്നിവരാണ് മരിച്ചത്. സംഭവത്തിനു ശേഷം ജിൻസിയുടെ ബന്ധുക്കൾ നാട്ടിൽ നിന്നും എത്തി വയനാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.