ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വലിയകാട്ടിൽ അഫ്സൽ – സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. പെയിന്റിൽ ചേർക്കുന്ന തിന്നർ കുടിച്ചതാണ് മരണകാരണമെന്ന് പിതാവ് അഫ്സൽ മൊഴി നൽകിയെങ്കിലും അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ശക്തമാക്കി.
കുട്ടികളുടെ ഉള്ളിൽ തിന്നർ ചെന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. കൂടാതെ പിതാവ് നൽകിയ മൊഴികളിൽ വൈരുധ്യമുണ്ടെന്നും ഇയാൾ നിരന്തരം മൊഴി മാറ്റിപ്പറയുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ഒരാൾ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരാൾ സ്വകാര്യ ആശുപത്രിയിലുമാണ് മരണപ്പെട്ടത്. അഫ്സൽ തന്നെയാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ ഒരു കുട്ടിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലും രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം അടിമാലി മോണിങ് സ്റ്റാർ ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.
