“അപേക്ഷകൾ ഒരു വർഷമായി കെട്ടിക്കിടക്കുന്നു”: പയ്യോളി നഗരസഭ ചെയർമാനെതിരെ ചേമ്പറിൽ ഓട്ടോ തൊഴിലാളികളുടെ കുത്തിയിരുപ്പ് സമരം- വീഡിയോ

news image
Aug 22, 2024, 12:04 pm GMT+0000 payyolionline.in

പയ്യോളി: ഹാൾട്ട് പെർമിറ്റിനുള്ള അപേക്ഷകൾ അനന്തമായി നീട്ടിക്കൊണ്ടു പോവുകയാണ് എന്ന് ആരോപിച്ച് ഓട്ടോ തൊഴിലാളികൾ പയ്യോളി നഗരസഭ ചെയർമാന്റെ ചേമ്പറിൽ കുത്തിയിരുപ്പ് സമരം നടത്തുന്നു. രോഗികൾ ഉൾപ്പെടെയുള്ള സ്വന്തമായി ഓട്ടോറിക്ഷ വാങ്ങിയ 20ലേറെ തൊഴിലാളികളുടെ ഹാൾട്ട് പെർമിറ്റിനുള്ള അപേക്ഷ ഒരു വർഷമായി പരിഗണിക്കുന്നില്ല എന്ന് ആരോപിച്ചാണ് ഓട്ടോ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരം തുടങ്ങിയത്.

ഹാർട്ട് പെർമിറ്റിനുള്ള അപേക്ഷ ചെയർമാൻ ഒപ്പിട്ടു നൽകിയാലേ മോട്ടോർ വാഹന വകുപ്പിന്റെ അനുമതി ലഭിക്കുകയുള്ളൂ. ഇത്തരത്തിലുള്ള അപേക്ഷകൾക്ക് അനുമതി ലഭിക്കാനായി കഴിഞ്ഞ ഒരു വർഷമായി 9 ലേറെ തവണ നേരിട്ട് സമീപിച്ചെങ്കിലും മറ്റെന്തോ കാരണത്താൽ നിരസിക്കപ്പെടുകയാണെന്നാണ് ഓട്ടോ കോഡിനേഷൻ കമ്മിറ്റിയുടെ ആരോപണം.

 

അതേസമയം ബീച്ച് റോഡിലെ അനധികൃത പാർക്കിങ്ങുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് തങ്ങൾ അനുകൂലമാണെന്ന് കോഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു.

ഇന്ന് വൈകുന്നേരം ചെയർമാനെ കാണാൻ എത്തിയ ഓട്ടോ കോഡിനേഷൻ കമ്മിറ്റി ഭാരവാഹികളോട് കഴിഞ്ഞ ഭരണസമിതി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തെന്ന് ചെയർമാൻ പറഞ്ഞിരുന്നുവത്രേ. എന്നാൽ ഇത്തരത്തിൽ ചർച്ച നടന്നില്ലെന്നാണ് തൊഴിലാളികളുടെ വാദം.

 

ഇതിനിടയിൽ മറ്റൊരു യോഗത്തിൽ പങ്കെടുക്കാൻ വേണ്ടി ചെയർമാൻ കൊയിലാണ്ടിയിലേക്ക് പോയതോടെ തൊഴിലാളികൾ ചേമ്പറിൽ കുത്തിയിരിപ്പ് സമരം തുടങ്ങുകയായിരുന്നു.
ഓട്ടോ കോഡിനേഷൻ കമ്മിറ്റി നേതാക്കളായ യു കെ പി റഷീദ്, പ്രദീപ് തോലേരി, കെ സി സതീശൻ, സുബീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്.

അതേസമയം ഇക്കാര്യത്തിൽ ഭരണസമിതിയുടെ നിലപാടാണ് പ്രധാനമെന്നും അടുത്ത ഭരണസമിതി യോഗത്തിൽ ഇക്കാര്യം ചർച്ചയ്ക്കിടുമെന്നും ചെയർമാൻ വി കെ അബ്ദുറഹിമാൻ പയ്യോളി ഓൺലൈൻനോട് പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe