അമീബിക്‌ മസ്‌തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു

news image
Sep 8, 2025, 7:13 am GMT+0000 payyolionline.in

വണ്ടൂർ: അമീബിക്‌ മസ്‌തിഷ്‌ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തിരുവാലി കോഴിപ്പറമ്പ് എളേടത്ത്കുന്ന് വാപ്പാടൻ രാമന്റെ ഭാര്യ എം. ശോഭനയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ നാലാം തീയതിയാണ് അസുഖത്തെ തുടർന്ന് ശോഭനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക്. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് അടുത്തിടെ മരിക്കുന്ന അഞ്ചാമത്തെ വ്യക്തിയാണ് ശോഭന.

 

ഇതേ അസുഖം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ ആയിരുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി രതീഷ് (45) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ കണ്ണേത്ത് റംല(52)യും കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസ്സുകാരി അനയയും നേരത്തെ മരണപ്പെട്ടിരുന്നു.

 

97 ശതമാനത്തിലധികം മരണനിരക്ക്; മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് പകരില്ല കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

 

രോഗം മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒമ്പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. പായല്‍ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളത്തിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം.

 

മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe