അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജ്‌രിവാളിന്റെ ഹർജി; ഇഡിക്ക് സുപ്രീംകോടതി നോട്ടീസ്

news image
Apr 15, 2024, 11:58 am GMT+0000 payyolionline.in

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജിയിൽ ഇഡിക്ക് നോട്ടീസയച്ച് സുപ്രീംകോടതി. ഹർജിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വ്യക്തത നൽകിക്കൊണ്ടുള്ള റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡിക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. കേസിനെപ്പറ്റി കോടതിക്ക് ബോധ്യമുണ്ടെന്നും 24നകം നോട്ടീസിന് കോടതിയിൽ മറുപടി നൽകണമെന്നും സുപ്രീംകോടതി ഇഡിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇഡിയുടെ മറുപടി ലഭിച്ച ശേഷം മറ്റുകാര്യങ്ങളിലേക്ക് കടക്കുമെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ വാദം കേൾക്കുന്നത്‌ ഈ മാസം 29ലേക്ക് മാറ്റി. അതുവരെ കെജ്‌രിവാൾ ജയിലിൽ തുടരും.

അറസ്റ്റിനെ ചോദ്യം ചെയ്ത് കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈകോടതി ഏപ്രിൽ ഒമ്പതിന് തള്ളിയിരുന്നു. തുടർന്നാണ് ഹൈകോടതി വിധിക്കെതിരെ കെജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്. കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിച്ചിരുന്നു. മാർച്ച് 21നാണ് മദ്യനയ അഴിമതിക്കേസിൽ കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe