ആകാശത്തും ഭൂമിയിലും ദൃശ്യവിസ്മയമൊരുക്കുന്ന ആറാട്ടും പൂവെടിയും കാണാന്‍ ജനസഞ്ചയമെത്തും; ഇന്ന് എല്ലാ വഴികളും കീഴൂരിലേക്ക്

news image
Dec 16, 2022, 12:07 am GMT+0000 payyolionline.in

പയ്യോളി: കിഴൂര്‍ ആറാട്ടുമഹോത്സവത്തിനോട് അനുബന്ധിച്ചുള്ള പ്രസിദ്ധമായ ‘പൂവെടി’ ഇന്ന് നടക്കും. വെടിക്കെട്ടുകലയിലെ അപൂര്‍വ്വ ഇനമാണ് പൂവെടി. ഏറെകുറെ അപകടരഹിതമായ ഈ കരിമരുന്ന് പ്രയോഗം കാണാന്‍ പഴയ കുറുമ്പ്രനാട് താലൂക്കിന്‍റെ നാനാഭാഗത്ത് നിന്നും ആയിരങ്ങള്‍ ഇവിടെ ഒത്തുചേരും. മുന്‍കാലങ്ങളില്‍ ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് ഉണ്ടായിരുന്ന പൂവെടി ഇന്ന് കിഴൂരില്‍ മാത്രമാണ് അവശേഷിക്കുന്നത്. കിഴൂര്‍ ശിവക്ഷേത്രത്തില്‍ നിന്നുള്ള ആറാട്ട് എഴുന്നളത്ത് പുറപ്പെട്ട് കഴിഞ്ഞാല്‍ പൂവെടിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നു. ഇതിനിടയില്‍ ചൊവ്വ വയലില്‍ മൂന്ന് കരിമരുന്ന് പ്രയോഗവും ഉണ്ടാകും. തുടര്‍ന്നു ആനപ്പുറത്ത് എഴുന്നള്ളിച്ച് കൊണ്ട് വരുന്ന ‘വാതില്‍കാപ്പവരുടെ’ സ്വര്‍ണ്ണകോലം കിഴൂര്‍ ടൗണിന്‍റെ ഹൃദയഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന പൂവെടിതറയില്‍ ഇറക്കിവെക്കുന്നു.

പ്രത്യേക ജ്യാമിതീയ വാസ്തുശില്‍പഘടനയില്‍ നിര്‍മ്മിച്ചതാണ് പൂവെടിത്തറ. തുടര്‍ന്ന് മണികൂറുകള്‍ നീളുന്ന വാദ്യമേളമാണ്. ഇതിനിടയില്‍ പടുകൂറ്റന്‍ കവുങ്ങിന്‍ തടിയിലാണ് പൂവെടിതട്ട് സജ്ജീകരിക്കുന്നത്. മുള ചീന്തിയെടുത്ത് നിശ്ചിത അകലത്തില്‍ കള്ളികള്‍ നിര്‍മ്മിച്ചാണ് പൂവെടിതട്ട് നിര്‍മ്മിക്കുന്നത്. മുകളില്‍ നിന്ന് താഴോട്ട് ഒന്നിനുപിറകെ ഒന്നായി തട്ടുകള്‍ ക്രമപ്പെടുത്തുന്നു. ഓരോ തട്ടിലും അമിട്ട്, ഗുണ്ട്, പകിരി, നിലാത്തിരികള്‍ എന്നിവ കൃത്യമായ അകലത്തില്‍ അടുക്കിവെക്കുന്നു. തുടര്‍ന്ന് ഇവയെ വെടിമരുന്ന് ലായനിയില്‍ മുക്കിയ തിരികൊണ്ട് പരസ്പരം ബന്ധിപ്പിക്കുന്നു. അതിനുശേഷം കമ്പക്കയറും തടികഷ്ണവും ഉപയോഗിച്ച് നിരവധിപേരുടെ ശ്രമഫലമായി കവുങ്ങിന്‍തടി കുത്തനെ ഉയര്‍ത്തി നിര്‍ത്തുന്നു. ഒറ്റകവുങ്ങില്‍ കെട്ടി ഉയര്‍ത്തിയ വിവിധതട്ടുകളെ ബന്ധിപ്പിക്കുന്ന വെടിമരുന്നില്‍ മുക്കിയ തിരി താഴെവരെ ഉണ്ടാവും.

മേളം സമാപിച്ചാല്‍ അര്‍ദ്ധരാത്രിയില്‍ തൂങ്ങികിടക്കുന്ന തിരിക്ക് തീ കൊളുത്തുന്നു. ഏറ്റവും ഉയരത്തില്‍ സ്ഥാപിച്ച ചക്രത്തില്‍ തീ എത്തുന്നതോടെ അത് ശക്തിയില്‍ കറങ്ങി പ്രത്യേകശബ്ദം പുറപ്പെടുവിച്ച് തീ തട്ടുകളിലേക്ക് പടരുന്നു. തുടര്‍ന്ന് അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ച് മാനത്ത് ദൃശ്യവിസ്മയം തീര്‍ത്ത് പൂവെടി തകര്‍ക്കുന്നു. തുടര്‍ന്ന് എഴുന്നള്ളത്ത് കണ്ണംകുളത്ത് കുളിച്ചാറാടിക്കുന്നതോടെ ഉത്സവം കൊടിയിറങ്ങുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe