ആറന്മുളയിൽ വിദ്യാർഥിനിയെ ചൂരൽ കൊണ്ട് അടിച്ച അധ്യാപകനെതിരെ കേസ്: സസ്പെൻഷൻ

news image
Jul 25, 2023, 4:06 pm GMT+0000 payyolionline.in

ആറന്മുള: ഇടയാറന്മുള എരുമക്കാട് സർക്കാർ എൽപി സ്‌കൂളിൽ വിദ്യാർഥിനിയെ ചൂരൽ കൊണ്ട്  അടിച്ച അധ്യാപകനെ ആറന്മുള പൊലീസ് അറസ്‌റ്റ് ചെയ്‌തു. മെഴുവേലി സ്വദേശിയായ ബിനോജ് കുമാർ (45) ആണ് അറസ്‌റ്റിലായത്‌. അധ്യാപകനെ കോടതിയിൽ ഹാജരാക്കി. ബുധനാഴ്‌‌ച കോടതിയിൽ ഹാജരാകണമെന്ന നിർദേശത്തിൽ ബിനോജ് കുമാറിന്‌ താൽക്കാലികജാമ്യം അനുവദിച്ചു.

തിങ്കളാഴ്‌ച ഉച്ചയോടെ മൂന്നാം ക്ലാസ് വിദ്യാർഥിനി ക്ലാസിൽ നൽകിയ പാഠഭാഗങ്ങൾ എഴുതിയില്ലെന്ന് പറഞ്ഞ് ചൂരൽകൊണ്ട് അധ്യാപകൻ കൈയിൽ അടിക്കുകയായിരുന്നു. വൈകിട്ട്‌ വീട്ടിലെത്തി ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്ന്  പരിക്കേറ്റ കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഡോക്ടറെ കാണിച്ചു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചതിന് ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരവും കേസ് രജിസ്റ്റർ ചെയ്‌തു.

സംഭവത്തിന് പിന്നാലെ അധ്യാപകനെ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം സസ്‌പെൻഡ് ചെയ്തു. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു. ഇക്കാര്യത്തിലുള്ള എഇഒയുടെ റിപ്പോർട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. അധ്യാപകർക്ക് വിദ്യാർഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള ഒരു അവകാശവും ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപകൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe