സർക്കാരിനെതിരെ അവിശ്വാസത്തിന് നീക്കവുമായി ഇന്ത്യ; പ്രതിപക്ഷ സഖ്യത്തിലെ പാർട്ടികൾ കോൺഗ്രസിനോട് യോജിച്ചു

news image
Jul 25, 2023, 4:05 pm GMT+0000 payyolionline.in

ദില്ലി: മണിപ്പൂർ വിഷയം ഉന്നയിച്ച് കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതില്‍ ‘ഇന്ത്യ’ സഖ്യത്തില്‍ ധാരണ. ഇക്കാര്യത്തില്‍ ‘ഇന്ത്യ’ സഖ്യത്തിലെ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനോട് യോജിപ്പ് അറിയിച്ചു. പ്രസ്താവന നടത്തില്ലെന്ന നിലപാടിൽ പ്രധാനമന്ത്രി ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. അതേസമയം, ഇന്ത്യൻ മുജാഹിദ്ദിനും പോപ്പുലർ ഫ്രണ്ടും പേരിനൊപ്പം ഇന്ത്യ എന്ന് ചേർത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ സഖ്യമായ ഇൻഡ്യക്കെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചു.

ഇന്നും പാർലമെൻ്റിലെ കാഴ്ചകൾക്ക് മാറ്റമുണ്ടായില്ല. മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് രണ്ട് സഭകളിലും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. രാവിലെ ചേർന്ന ‘ഇന്ത്യ’ സഖ്യത്തിൻ്റെ യോഗത്തിലാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുന്നതിനുള്ള ആലോചന നടന്നത്. അവിശ്വാസ പ്രമേയമാണെങ്കിൽ പ്രധാനമന്ത്രിക്ക് മറുപടി നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. മനീഷ് തിവാരി മുന്നോട്ട് വെച്ച ഈ നിർദ്ദേശത്തോട് പാർട്ടികൾക്ക് യോജിപ്പാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ബിജെപി പാർലമെൻ്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പ്രതിപക്ഷത്തിന് ദിശാബോധമില്ലെന്ന് ആഞ്ഞടിച്ചു. ‘ഇന്ത്യ’ എന്ന പേര് സഖ്യത്തിന് നല്‍കിയത് കൊണ്ട് എല്ലാമായെന്നാണ് പ്രതിപക്ഷം കരുതുന്നത്.

ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യൻ മുജാഹിദ്ദീനിലും പോപ്പുലർ ഫ്രണ്ടിലും ഇന്ത്യയുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി പ്രതിപക്ഷ സഖ്യത്തെ ഇവയോട് പരോക്ഷമായി ഉപമിച്ചു. മണിപ്പൂരിൽ ഇന്ത്യ മുറിവുണക്കും എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഭയം കാരണമാണ് മോദി ഇങ്ങനെ സംസാരിക്കുന്നതെന്ന് മല്ലികാർജ്ജുൻ ഖർഗെ തിരിച്ചടിച്ചു.

ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗിനെ സസ്പെൻഡ് ചെയ്തതിനെതിരെ പാർലമെൻ്റ് വളപ്പിലെ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.  പകലും രാത്രിയും ധർണ്ണ തുടരും. അവിശ്വാസ നോട്ടീസിൽ ചർച്ച തീരുമാനിക്കേണ്ടത് സ്പീക്കറാണെന്നിരിക്കെ ഇത് തല്ക്കാലം പരിഗണിക്കാതെ നീട്ടിക്കൊണ്ട് പോകാനാണ് സാധ്യത.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe