കൊച്ചി: ക്രിമിനലുകളെ ജീവനക്കാരാക്കണോ എന്ന് ബസ്സുടമകൾ ചിന്തിക്കണമെന്ന് കാക്കനാട് സ്വകാര്യ ബസ്സിടിച്ച് കൊല്ലപ്പെട്ട ഐടി ജീവനക്കാരി അക്ഷരയുടെ കുടുംബം. ജനങ്ങളുടെ സുരക്ഷ നോക്കണ്ടേ? തങ്ങൾക്കുണ്ടായ നഷ്ടം നികത്താനാവാത്തതാണെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും അച്ഛൻ ഓമനക്കുട്ടൻ പറഞ്ഞു. പരമാവധി ഓരം ചേർന്നാണ് അക്ഷര നടന്നതെന്നും ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ, ഇനിയാർക്കും ഈ ഗതി വരരുതെന്ന് ഭർത്താവ് വരുൺ കണ്ണീരോടെ പറഞ്ഞു.
ജിമ്മിൽ പോയതായിരുന്നു അക്ഷര. സാധാരണ തിരിച്ചു വരുന്ന സമയമായിട്ടും എത്തിയില്ല. പതിവു പോലെ ജിമ്മിൽ നിന്ന് വന്നിട്ട് ഒരുമിച്ച് ഓഫീസിൽ പോകാനിരുന്നതാണ്. ചെറിയൊരു അപകടം പറ്റിയെന്നും ആശുപത്രിയിലാണെന്നും ജിം ട്രെയിനറുടെ കോൾ വരികയായിരുന്നു. അപ്പോഴും ഇത്ര വലിയ അപകടമാണെന്ന് കരുതിയില്ല. തിരിച്ചുവരും എന്നു തന്നെയായിരുന്നു പ്രതീക്ഷ. പക്ഷേ ആശുപത്രിയിലെത്തുമ്പോഴേക്കും കഴിഞ്ഞിരുന്നുവെന്ന് വരുൺ പറയുന്നു. ബസ്സുകളുടെ മത്സര ഓട്ടത്തെപ്പറ്റി ഒരുപാട് കണ്ടിട്ടും കേട്ടിട്ടുമുണ്ട്. ഇപ്പോൾ ദുരന്തം നമ്മുടെ വീട്ടിലും വന്നുവെന്ന് വരുൺ പറഞ്ഞു.
നിരത്തിലിറങ്ങി നടക്കുന്നവരുടെ ജീവന് എന്താണ് സുരക്ഷ എന്ന ചോദ്യം ഇന്നലെ കേരള ഹൈക്കോടതി ഉയർത്തി. നിരപരാധിയായ 28 കാരിയുടെ ജീവനെടുത്ത സംഭവത്തിൽ കുടുംബത്തോട് സിസ്റ്റം മാപ്പ് പറഞ്ഞോയെന്നും ക്രിമിനലുകളെ ഡ്രൈവർമാരാക്കുന്ന ബസുടമകൾക്കെതിരെ നടപടിയില്ലേ എന്നും കോടതി ചോദിച്ചു.
