ഇടുക്കിയില്‍ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയില്‍

news image
Jan 26, 2023, 3:52 am GMT+0000 payyolionline.in

ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതിയെ പിടികൂടി. വെളുപ്പിന് 2.00 മണിയോടെ ഇയാളുടെ വീടിന് സമീപത്ത് നിന്നും നെടുങ്കണ്ടം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. നേരത്തെ രണ്ട് തവണ പൊലിസിന്റെ മുന്‍പില്‍ പെട്ടെങ്കിലും, അതി വേഗത്തില്‍ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

തിങ്കളാഴ്ച രാത്രിയിലാണ് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ അച്ഛൻ രക്ഷപെട്ടത്. പ്രതിക്കൊപ്പം പോയ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ കെ ബി എന്നിവരെ ഇന്നലെ സസ്പെന്‍റ് ചെയ്തിരുന്നു. രണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുമ്പോൾ അഞ്ച് പൊലീസുകാരെങ്കിലും ഉണ്ടാകേണ്ടതാണ്. എന്നാല്‍ രണ്ട് പേർ മാത്രമാണ് പ്രതികൾക്കൊപ്പമുണ്ടായിരുന്നത്. നെടുങ്കണ്ടം എസ് എച്ച് ഒ, സംഭവ ദിവസം സ്റ്റേഷൻ ചാർജ് വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ എന്നിവർ ഗുരുതരമായ കൃത്യവിലാപം കാട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇടുക്കി എസ്പി വി യു കുര്യാക്കോസ് പറഞ്ഞു. പോക്സോ കേസ് പ്രതികളുടെ ചിത്രം ചോർത്തി നൽകിയ സംഭവത്തിലും പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും. ഇരയെ തിരിച്ചറിയുന്ന തരത്തിൽ ചിത്രങ്ങൾ പുറത്ത് വിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷനുള്ളിൽ നിൽക്കുന്ന ചിത്രമാണ് പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തായത്. പ്രതി രക്ഷപ്പെടുന്നതിനു മുമ്പ് ചിത്രങ്ങൾ പ്രചരിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. രണ്ട് സംഭവത്തിലും ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്റലിജൻസും, സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe