ഇൻഷുറൻസ് പോളിസി റദ്ദാക്കുന്നതിൽ ബാങ്ക് വീഴ്ച വരുത്തി; മമ്പാട് സ്വദേശികൾക്ക് 2,64,909 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

news image
Nov 5, 2026, 9:42 am GMT+0000 payyolionline.in

മലപ്പുറം: പോളിസി റദ്ദാക്കാൻ ഉപഭോക്താക്കൾ ആവശ്യപ്പെട്ടിട്ടും വിവരം ഇൻഷുറൻസ് കമ്പനിയെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയ ബാങ്ക് 2,64,909 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. മമ്പാട് സ്വദേശികളായ നൗഷീർ, ജസീമ എന്നിവർ നിലമ്പൂർ എസ് ബി ഐക്ക് എതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻറെ നിർണായക വിധി.

2024 ജനുവരിയിൽ വീട് വെക്കുന്നതിനായി വായ്പ ലഭിക്കാനാണ് പരാതിക്കാർ ബാങ്കിനെ സമീപിച്ചത്. വായ്പ അനുവദിക്കണമെങ്കിൽ എസ്ബിഐ ലൈഫ് ഇൻഷുറൻസിൽ നിന്ന് പോളിസി എടുക്കണമെന്ന് ബാങ്ക് നിർദേശിച്ചതിനെ തുടർന്ന് ഇവർ പോളിസി എടുക്കുകയായിരുന്നു. എന്നാൽ പോളിസിയുടെ വ്യവസ്ഥകൾ സ്വീകാര്യമല്ലെന്ന് കണ്ട് ഒരാഴ്ചയ്ക്കകം പോളിസി വേണ്ടെന്ന വിവരം ഇവർ ബാങ്കിനെ അറിയിച്ചു. 15 ദിവസത്തിനകം പോളിസി വ്യവസ്ഥകൾ സ്വീകാര്യമല്ലെന്ന് അറിയിച്ചാൽ മുഴുവൻ പ്രീമിയം തുകയും തിരിച്ചു നൽകുമെന്ന വ്യവസ്ഥ പ്രകാരമായിരുന്നു ഇത്. എന്നാൽ ഈ വിവരം ഇൻഷുറൻസ് കമ്പനിയെ അറിയിക്കുന്നതിൽ ബാങ്ക് വീഴ്ച വരുത്തിയതിനെ തുടർന്ന് പരാതിക്കാർക്ക് 1,59,909 രൂപ നഷ്ടപ്പെടുകയായിരുന്നു. തുടർന്നാണ് ഇവർ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

ഇൻഷുറൻസ് ഇടപാടിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് പോളിസി ഉടമയ്ക്ക് ആവശ്യമായ സേവനം നൽകാൻ ബാധ്യതയുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ബാങ്ക് വായ്പ സ്വീകരിക്കുന്ന ഉപഭോക്താക്കളെ ഗ്രൂപ്പ് ഇൻഷുറൻസിന്റെ ഭാഗമാക്കുമ്പോൾ വ്യവസ്ഥകൾ പോളിസിയുടമ മനസ്സിലാക്കിയെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

ഇക്കാര്യത്തിൽ ബാങ്കിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നഷ്ടപ്പെട്ട പോളിസി തുകയായ 1,59,909 രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവായി 5,000 രൂപയും അടക്കം ആകെ 2,64,909 രൂപ ഒരു മാസത്തിനകം പരാതിക്കാർക്ക് നൽകാൻ ഉത്തരവിട്ടത്. തുക നൽകാൻ വീഴ്ച വരുത്തിയാൽ ഒമ്പത് ശതമാനം പലിശ നൽകണമെന്നും കമ്മീഷൻ ഉത്തരവിലുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe