എൻഡോസൾഫാൻ: സാങ്കേതിക കാരണങ്ങളുടെ പേരിൽ ഇരകളുടെ ആനുകൂല്യം നിഷേധിക്കരുത് -ഹൈകോടതി

news image
Dec 17, 2022, 5:07 pm GMT+0000 payyolionline.in

കൊച്ചി: സാങ്കേതിക കാരണങ്ങളുടെ പേരിൽ​ എൻഡോസൾഫാൻ ദുരിതബാധിതർക്ക്​ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന്​ ഹൈകോടതി. നിസ്സാര എതിർപ്പുകളുന്നയിച്ച്​ വായ്പ എഴുതിത്തള്ളലടക്കം ആനുകൂല്യങ്ങൾ നൽകാതിരിക്കരുതെന്നും ദുരിതബാധിതരുടെ ദയനീയാവസ്ഥ സർക്കാറിനോ കോടതിക്കോ കാണാതിരിക്കാനാവില്ലെന്നും​ ജസ്റ്റിസ്​ വി.ജി. അരുൺ വ്യക്തമാക്കി.

എൻഡോസൾഫാൻ ദുരിത ബാധിതയായി ജീവിച്ച്​ മരിച്ച കാസർകോട് സ്വദേശിനി ആൻ മരിയയെന്ന 17കാരിയുടെ ചികിത്സ ആവശ്യത്തിനെടുത്ത ബാങ്ക് വായ്പ പൂർണമായും എഴുതിത്തള്ളാതിരുന്ന സർക്കാർ നിലപാടിനെതിരെ മാതാവ്​ റെസിമോൾ നൽകിയ ഹരജിയാണ്​ കോടതി തീർപ്പാക്കിയത്. വായ്പ പൂർണമായും എഴുതിത്തള്ളാനും കോടതി നിർദേശിച്ചു. ആൻ മരിയയുടെ കുടുംബം എടുത്ത രണ്ട്​ വായ്പയിൽ ഒന്ന്​ 2011 ജൂൺ 30ന് ശേഷമുള്ളതാണെന്നും മറ്റൊന്ന്​ മുത്തച്ഛന്റെ പേരിലുള്ളതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എഴുതിത്തള്ളാൻ വിസമ്മതിച്ചത്​.

രണ്ട് വായ്പയിലായി 2,72,000 രൂപയാണ്​ പൊതുമേഖല ബാങ്കിൽ അടക്കാനുണ്ടായിരുന്നത്. ഇതിൽ 88,400 രൂപ എഴുതിത്തള്ളി. ബാക്കി തുകയുടെ കാര്യത്തിലാണ് സാ​ങ്കേതിക കാരണം പറഞ്ഞ്​ എതിർപ്പുന്നയിച്ചത്. ദുരിത ബാധിതർക്ക്​ അഞ്ചുലക്ഷം വീതം സഹായധനം അനുവദിക്കാൻ ദേശീയ മനുഷ്യാവകാശ കമീഷന്‍റെ നിർദേശമുണ്ടായിരുന്നുവെന്ന്​ കോടതി ഓർമിപ്പിച്ചു. സ്വയം സംരക്ഷണത്തിന്​ സാധ്യമല്ലാത്തവർക്ക്​ സഹായം നൽകാൻ സർക്കാറിനും​ ബാധ്യതയുണ്ട്. കുടുംബം അനുഭവിച്ച ദുരിതങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ വിഷയത്തിൽ എതിർപ്പുന്നയിക്കുന്നത് ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe