തിരുവനന്തപുരം∙ ഓണം കഴിഞ്ഞാൽ ക്ഷേമ പെൻഷൻ അതതു മാസം തന്നെ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണം ധനവകുപ്പ് ആരംഭിച്ചു. 1,600 രൂപയുടെ ക്ഷേമ പെൻഷനു വേണ്ടി മാസങ്ങൾ കാത്തിരിക്കേണ്ടിവരുന്നത് ഒഴിവാക്കാനാണ് വിതരണം കൃത്യമാക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി സർക്കാരിനു തുടർഭരണം ലഭിക്കാനുള്ള മുഖ്യ കാരണങ്ങളിലൊന്ന് ക്ഷേമ പെൻഷൻ കൃത്യമായി വിതരണം ചെയ്തതാണെന്നാണ് പൊതുവായ വിലയിരുത്തൽ.
മൂന്നും നാലും മാസം കൂടുമ്പോൾ വിതരണം ചെയ്തിരുന്ന ക്ഷേമ പെൻഷൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് അതതു മാസം നൽകാൻ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് വരെ പെൻഷൻ കൃത്യമായി നൽകിയെങ്കിലും രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ ഗുരുതര സാമ്പത്തിക പ്രതിസന്ധി കാരണം പെൻഷൻ മുടങ്ങി. മാർച്ച് വരെയുള്ള പെൻഷനാണ് ഇതുവരെ സർക്കാർ വിതരണം ചെയ്തത്. ഏപ്രിൽ മാസത്തെ പെൻഷൻ ഒരാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്തുതുടങ്ങും. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ ഇറങ്ങും.
മേയ്, ജൂൺ, ജൂലൈ മാസങ്ങളിലെ പെൻഷൻ ഓഗസ്റ്റിൽ ഓണത്തിനു മുന്നോടിയായി നൽകും. തുടർന്ന് അതതു മാസം പെൻഷൻ നൽകാൻ കഴിയുന്ന തരത്തിലാണ് ധനവകുപ്പിന്റെ ആലോചന. ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് സർക്കാർ മദ്യത്തിനും ഇന്ധനത്തിനും സെസ് ഏർപ്പെടുത്തിയത്. ഒരു മാസത്തെ സെസ് കൊണ്ട് പെൻഷൻ നൽകാനാവശ്യമായ പണം കണ്ടെത്താൻ കഴിയില്ലെങ്കിലും സർക്കാരിന്റെ ഭാരം കുറയ്ക്കാൻ ഇത് ഉപകരിക്കുന്നുണ്ട്. 64 ലക്ഷം പേർക്ക് ഒരു മാസം ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ 950 കോടി രൂപയാണു വേണ്ടത്.