ഓപ്പറേഷൻ തൂഫാൻ: അത്തോളിയിൽ എം.ഡി.എം.എ.യും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

news image
Jun 21, 2026, 4:02 am GMT+0000 payyolionline.in

അത്തോളി: ലഹരിമരുന്നിനെതിരെയുള്ള പ്രത്യേക പരിശോധനയായ ‘ഓപ്പറേഷൻ തൂഫാൻ’ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ എം.ഡി.എം.എ.യും കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര പുറ്റംപൊയിൽ സ്വദേശി അഫ്‌നാജ് (26), കക്കട്ടിൽ അരൂർ സ്വദേശി ഹർഷാദ് (28) എന്നിവരാണ് അത്തോളി പൂക്കോട് ജങ്ഷനിൽ വെച്ച് പിടിയിലായത്.

​പിടിയിലായവരിൽ അഫ്‌നാജ് മുൻപ് കാപ്പ (KAAPA) ചുമത്തപ്പെട്ടയാളും വിവിധ സ്റ്റേഷനുകളിലായി പതിനൊന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയുമാണെന്ന് പോലീസ് വ്യക്തമാക്കി. ഇവരിൽ നിന്ന് 250 ഗ്രാം കഞ്ചാവും 0.52 ഗ്രാം എം.ഡി.എം.എ.യും പോലീസ് സംഘം കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

​റൂറൽ എസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ഡാൻസാഫ് (DANSAF) പ്രത്യേക സംഘം പ്രതികളെ വലയിലാക്കിയത്. അത്തോളി സി.ഐ. എം. സജിത്തിന്റെ നേതൃത്വത്തിൽ സജിത്ത് (എ.എസ്.ഐ), ഷംനാസ് (എസ്.സി.പി.ഒ), വി.സി. ബിനീഷ്, സി.എം. സുനിൽ കുമാർ, ടി.കെ. ശോഭിത് (സി.പി.ഒ), ഡി.ബി. ലിതിൻ എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് തുടർനടപടികൾ സ്വീകരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe