മുക്കാളി: കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനിന് (വണ്ടി നമ്പർ: 56632) മുക്കാളി സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുൻപ് എക്സ്പ്രസ് ആയി ഓടിയിരുന്ന ഈ ട്രെയിൻ നിലവിൽ ലോക്കൽ ട്രെയിനായാണ് സർവീസ് നടത്തുന്നത്. രാവിലെ 7.40-ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 8.15-ഓടെയാണ് മുക്കാളി കടന്നുപോകുന്നത്.
നിലവിൽ വൈകിട്ട് 3.45-ന് പോകുന്ന കോഴിക്കോട് – ഷൊർണ്ണൂർ ട്രെയിനിന് മാത്രമാണ് മുക്കാളിയിൽ സ്റ്റോപ്പുള്ളത്. രാവിലെ കോഴിക്കോട് ഭാഗത്തേക്ക് ട്രെയിൻ ഇല്ലാത്തത് അഴിയൂർ, ഏറാമല, ഒഞ്ചിയം പഞ്ചായത്തുകളിലെ നൂറുകണക്കിന് യാത്രക്കാരെയാണ് ദുരിതത്തിലാക്കുന്നത്. ദേശീയപാതയിലെ കനത്ത യാത്രാക്കുരുക്കിൽ വലയുന്ന ജനങ്ങൾക്ക് ഈ പാസഞ്ചർ ട്രെയിനിന്റെ സ്റ്റോപ്പ് വലിയ ആശ്വാസമാകും.
എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടെന്നായിരുന്നു റെയിൽവേയുടെ മുൻവാദം. എന്നാൽ ഇപ്പോൾ ലോക്കൽ ട്രെയിനായി ഓടുന്നതിനാൽ സ്റ്റോപ്പ് അനുവദിക്കുന്നതിൽ മറ്റ് തടസ്സങ്ങളില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുക്കാളി സ്റ്റേഷന്റെ വികസനത്തിനായി റെയിൽവേ നിരവധി പദ്ധതികൾ നടപ്പാക്കുന്ന പശ്ചാത്തലത്തിൽ ഈ ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കണ്ണൂർ – കോഴിക്കോട് പാസഞ്ചറിന് മുക്കാളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് മുക്കാളി ട്രെയിൻ പാസിഞ്ചേഴ്സ് ഫോറം സെക്രട്ടറി എം.കെ. സുരേഷ് ബാബു, താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.പി. ജയകുമാർ, കോൺഗ്രസ് അഴിയൂർ മണ്ഡലം പ്രസിഡന്റ് പി. ബാബുരാജ്, സി.പി.എം ചോമ്പാൽ ലോക്കൽ സെക്രട്ടറി സുജിത്ത് പുതിയോട്ടിൽ, മുസ്ലിം ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് യു.എ. റഹീം എന്നിവർ സംയുക്തമായി ആവശ്യപ്പെട്ടു.
